കോഴിക്കോട്: വടകര എംഡിഎംഎ കേസിലെ മുഖ്യപ്രതി ഷിൻ്റോ പിടിയിലായി. വയനാട് സ്വദേശിയായ ഇയാളെ മറ്റൊരു കേസുമായി ബന്ധപ്പെട്ട് ഹൈദരാബാദിൽ നിന്നാണ് പിടികൂടിയത്. ഹൈദരാബാദ് പൊലീസും കേരള പൊലീസും സംയുക്തമായാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ദിവസം ഷിൻ്റോയുടെ സുഹൃത്തുക്കളായ വയനാട് സ്വദേശികളായ രണ്ടുപേരെ അന്വേഷണ സംഘം പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് ഷിൻ്റോയും പിടിയിലായത്. നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. കണ്ണൂരിൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് ഹൈദരാബാദിൽ നിന്ന് പിടികൂടിയത്.
ബിആർസി അധ്യാപികമാരായ മൂന്ന് പേർ പ്രതികളായ വടകര എംഡിഎംഎ കേസ് നേരത്തെ വലിയ വാർത്തയായിരുന്നു. കേസിൽ ഉൾപ്പെട്ട അധ്യാപികമാർക്ക് ജാമ്യം ലഭിച്ചിരുന്നു. സാമ്പത്തിക ഇടപാടുകൾക്ക് അധ്യാപികമാർ ഇടനിലക്കാരായി പ്രവർത്തിച്ചെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
കേസിലെ പ്രധാന കണ്ണി ഷിൻ്റോയാണെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഇയാൾക്കായി വയനാട് ഉൾപ്പെടെ വിവിധ ജില്ലകളിലും മറ്റ് സംസ്ഥാനങ്ങളിലും അന്വേഷണം നടത്തിയിരുന്നു. അന്വേഷണം മന്ദഗതിയിലാണെന്ന വിമർശനങ്ങൾക്കിടെയാണ് മുഖ്യപ്രതി പിടിയിലായത്. ഷിൻ്റോയെ കേരളത്തിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തും.


