തൃശൂർ: എൽപിഎസ്ടി സമരവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വളർമതിയുടെ ആരോഗ്യനില ഗുരുതരം എന്നാണ് റിപ്പോർട്ടുകളെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. ഇടതുമുന്നണി അധികാരത്തിലിരിക്കുമ്പോൾ സമരപ്പന്തലിൽ പോയി. ഞങ്ങൾ അധികാരത്തിൽ വന്നാൽ ഒരാഴ്ചകൊണ്ട് പ്രശ്നം പരിഹരിക്കുമെന്നാണ് അന്നത്തെ പ്രതിപക്ഷ നേതാവ് പറഞ്ഞത്. എന്നാൽ ഇപ്പോൾ തിരിഞ്ഞു നോക്കാത്ത അവസ്ഥയാണ്. വളർമതിയുടെ ജീവിതം തന്നെ വലിയ തോതിൽ പ്രതിസന്ധിയിലാണ്. അടിയന്തരമായി പ്രശ്നത്തിൽ ഇടപെട്ട് പരിഹാരം കാണണം. കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി പറയാൻ തുടങ്ങിയിട്ട് ദിവസങ്ങളായെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
വൈദ്യുതി കരാർ വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. 200 മെഗാവാട്ട് വൈദ്യുതി ഒക്ടോബർ മാസത്തിൽ അധിക പണം കൊടുത്തു വാങ്ങി. ആരുടെയും അനുമതി ഇല്ലാതെയാണ് വാങ്ങിയത്. ആരുമായും ചർച്ച ചെയ്യാതെ ടെൻഡർ ഇല്ലാതെ നേരിട്ട് ഇരുനൂറ് മേഘാവട്ട് വൈദ്യുതി വാങ്ങിക്കഴിഞ്ഞു എന്ന വാർത്തയാണ് പുറത്തുവരുന്നത്. അപകടകരമായ നിലപാടാണ്. എല്ലാ ഫയലുകളും ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കാൻ സാധിക്കണം. വൈദ്യുതി മന്ത്രിയും മുഖ്യമന്ത്രിയും തമ്മിലുള്ള തർക്കം പരസ്യമായി പുറത്തുവന്നു. ജുഡീഷ്യൽ അന്വേഷണം വേണമെന്ന കാര്യത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.


