തിരുവനന്തപുരം: ക്യാബിനറ്റ് പദവി ലഭിക്കാത്തതിൽ അതൃപ്തി അറിയിച്ച് പാലാ എംഎൽഎ മാണി സി കാപ്പൻ മുഖ്യമന്ത്രി വി ഡി സതീശനെ കണ്ടു. മറ്റ് ഘടകകക്ഷി നേതാക്കൾക്ക് പദവികൾ നൽകിയപ്പോൾ തന്നെ പരിഗണിച്ചില്ലെന്നാണ് മാണി സി കാപ്പന്റെ പരാതി.
മുസ്‌ലിം ലീഗ്, ഫോർവേഡ് ബ്ലോക്ക് തുടങ്ങിയ ഘടകകക്ഷികൾക്ക് ക്യാബിനറ്റ് പദവി നൽകിയിട്ടും തന്നെ അവഗണിച്ചെന്നാണ് അദ്ദേഹം മുഖ്യമന്ത്രിയെ അറിയിച്ചത്. എല്ലാ ഘടകകക്ഷികളോടും ഒരേ രീതിയിലുള്ള സമീപനം വേണമെന്നും വേർതിരിവ് കാണിക്കരുതെന്നും മാണി സി കാപ്പൻ ആവശ്യപ്പെട്ടു.
ക്യാബിനറ്റ് പദവിയോടെ നോർത്ത് വൈസ് ചെയർമാൻ സ്ഥാനം ലഭിക്കണമെന്നാണ് മാണി സി കാപ്പന്റെ ആവശ്യം. ഒരു എംഎൽഎ മാത്രമുള്ള സിഎംപിക്കും കേരള കോൺഗ്രസ് ജേക്കബിനും മന്ത്രി സ്ഥാനം നൽകിയപ്പോൾ ഫോർവേഡ് ബ്ലോക്കിന് ക്യാബിനറ്റ് പദവി നൽകി. എന്നാൽ പാലായിൽ നിന്ന് തുടർച്ചയായി വിജയിച്ച തനിക്ക് ഒരു പദവിയും നൽകിയില്ലെന്നാണ് അദ്ദേഹത്തിന്റെ പരാതി.
എൽഡിഎഫിൽ നിന്ന് യുഡിഎഫിലെത്തിയ താൻ പാലായിൽ പ്രധാന ഘടകകക്ഷിയുടെ നേതാവിനെ പരാജയപ്പെടുത്തിയത് യുഡിഎഫിന് വലിയ നേട്ടമായിരുന്നുവെന്നും എന്നാൽ അർഹമായ പരിഗണന ലഭിച്ചില്ലെന്നും മാണി സി കാപ്പൻ ചൂണ്ടിക്കാട്ടി.
അതേസമയം, സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ മുംബൈ കോടതി പുറപ്പെടുവിച്ച ഉത്തരവാണ് മാണി സി കാപ്പന് ക്യാബിനറ്റ് പദവി നൽകുന്നതിന് തടസ്സമായതെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്. എന്നാൽ മേൽക്കോടതി തനിക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ചിട്ടുണ്ടെന്നും ക്യാബിനറ്റ് പദവിക്ക് താൻ അർഹനാണെന്നുമാണ് മാണി സി കാപ്പന്റെ നിലപാട്.


