തിരുവനന്തപുരം: സംസ്ഥാനത്തെ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഉൾപ്പെടെയുള്ള ജനപ്രതിനിധികൾക്ക് ഇനി സർക്കാർ ജീവനക്കാർക്ക് സമാനമായി സ്പാർക്ക് വഴി ശമ്പളം നൽകും. മുഖ്യമന്ത്രി, മന്ത്രിമാർ, സ്പീക്കർ, പ്രതിപക്ഷ നേതാവ്, എം.എൽ.എമാർ എന്നിവരുടെ ശമ്പളവിതരണമാണ് സ്പാർക്ക് സംവിധാനത്തിലേക്ക് മാറ്റുന്നത്. 2027 ജനുവരി മുതൽ പുതിയ രീതി പ്രാബല്യത്തിൽ വരും.
കേരളത്തിലെ സർക്കാർ ജീവനക്കാരുടെ ശമ്പളം, അലവൻസുകൾ, മറ്റ് ആനുകൂല്യങ്ങൾ എന്നിവ ഓൺലൈനായി കണക്കാക്കി വിതരണം ചെയ്യുന്നതിനുള്ള സംവിധാനമാണ് സ്പാർക്ക്. ഇതുസംബന്ധിച്ച് ധനവകുപ്പ് ഉത്തരവിറക്കി.
ശമ്പളവിതരണത്തിൽ വേഗവും സുതാര്യതയും ഉറപ്പാക്കുകയാണ് നടപടിയുടെ ലക്ഷ്യമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.


