തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ പുതിയ മദ്യനയം ഉടൻ പ്രഖ്യാപിച്ചേക്കും. മദ്യനയവുമായി ബന്ധപ്പെട്ട നിർദേശങ്ങൾ ഈ ആഴ്ച തന്നെ മുഖ്യമന്ത്രിക്ക് മുന്നിലെത്തുമെന്നാണ് വിവരം. പുതിയ നയത്തിന്റെ ഭാഗമായി ബെവ്കോ ഔട്ട്ലെറ്റുകളുടെ പ്രവർത്തനത്തിലും രൂപഘടനയിലും മാറ്റങ്ങൾ വരും.
ബെവ്കോ ഔട്ട്ലെറ്റുകളുടെ എണ്ണം വർധിപ്പിക്കില്ലെന്നാണ് പ്രധാന തീരുമാനം. പകരം എല്ലാ ഔട്ട്ലെറ്റുകളുടെയും രൂപഘടന ഏകീകരിക്കും. സെൽഫ് ഹെൽപ് ഔട്ട്ലെറ്റുകൾക്ക് കൂടുതൽ പ്രാധാന്യം നൽകാനും തീരുമാനമുണ്ട്.
ഔട്ട്ലെറ്റുകളുടെയും ഗോഡൗണുകളുടെയും നടത്തിപ്പ് ആവശ്യമെങ്കിൽ സഹകരണ സംഘങ്ങൾക്ക് കൈമാറും. മദ്യത്തിന്റെ ചില്ലറ വിൽപ്പനയിലും സഹകരണ സംഘങ്ങൾക്ക് പങ്കാളിത്തം നൽകുന്ന കാര്യം പരിഗണനയിലുണ്ട്.
കള്ള് ചെത്ത് മേഖലയിലും സമഗ്രമായ പരിഷ്കാരങ്ങൾ കൊണ്ടുവരും. അതേസമയം, വീര്യം കുറഞ്ഞ മദ്യത്തിന്റെ കാര്യത്തിൽ യുഡിഎഫ് ഉപസമിതിയുടെ ചർച്ചകൾക്ക് ശേഷമായിരിക്കും അന്തിമ നിലപാട് സ്വീകരിക്കുക. പുതിയ മദ്യനയം നിലവിൽ വരുന്നതോടെ സംസ്ഥാനത്തെ മദ്യവിൽപ്പന മേഖലയിലും പ്രവർത്തനരീതിയിലും വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.


