ആലപ്പുഴ: ആലപ്പുഴ പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ മന്ത്രി എത്തിയപ്പോൾ ജീവനക്കാരെ ഡ്യൂട്ടി സ്ഥലത്ത് കാണാത്തതിനെ തുടർന്ന് അഞ്ചുപേരെ സസ്പെൻഡ് ചെയ്തു. റസ്റ്റ് ഹൗസ് മാനേജർ വി.വി. വിപിനൻ, എസ്.എൽ.ആർ. വർക്കർ കെ. കമർ, കുക്ക് എം.ആർ. രാമാനുജൻ, മേട്ടി ശ്രീകലാ നന്ദനൻ, ബട്‌ലർ ബിനു സെബാസ്റ്റ്യൻ എന്നിവർക്കെതിരെയാണ് നടപടി.
കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെയാണ് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ കടപ്പുറത്തെ റസ്റ്റ് ഹൗസിൽ എത്തിയത്. ഈ സമയം ഡ്യൂട്ടിയിലുണ്ടാകേണ്ട ജീവനക്കാരെ സ്ഥലത്ത് കാണാത്തതിനെ തുടർന്ന് മന്ത്രി അന്വേഷണത്തിന് നിർദേശം നൽകി. കെട്ടിടവിഭാഗം എക്സിക്യുട്ടീവ് എൻജിനിയർ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ നടപടി.
പരിശോധനയിൽ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന അഞ്ചുപേരിൽ കെ. കമറും എം.ആർ. രാമാനുജനും മാത്രമാണ് ഹാജർ രേഖപ്പെടുത്തിയതെന്ന് കണ്ടെത്തി. മാനേജർ വിപിനൻ, ശ്രീകലാ നന്ദനൻ, ബിനു സെബാസ്റ്റ്യൻ എന്നിവർ ഹാജർ രേഖപ്പെടുത്തിയിരുന്നില്ല.
അതേസമയം, മന്ത്രി എത്തിയ സമയത്ത് ജീവനക്കാർ ഉച്ചഭക്ഷണം കഴിക്കുകയായിരുന്നെന്നാണ് മാനേജർ നൽകിയ വിശദീകരണം. കമറും ബിനുവും ഭക്ഷണം കഴിക്കാൻ പുറത്തുപോയപ്പോൾ വിപിനനും ശ്രീകലയും രാമാനുജനും റസ്റ്റ് ഹൗസിലെ മുറിയിൽ ഭക്ഷണം കഴിക്കുകയായിരുന്നുവെന്നും വിശദീകരിച്ചു.
ഡ്യൂട്ടിയിലുണ്ടായിരുന്നവർ ഹാജർ രേഖപ്പെടുത്താതിരുന്നതും ഹാജർ രേഖപ്പെടുത്തിയവർ ജോലിസ്ഥലത്തുനിന്ന് മാറിനിന്നതും ഗുരുതര വീഴ്ചയാണെന്ന് സസ്പെൻഷൻ ഉത്തരവിൽ ചൂണ്ടിക്കാട്ടി.


