കാസർകോട്: കാസർകോട്ടെ സവർക്കർ ചോദ്യോത്തര വിവാദത്തിൽ അന്തിമ അന്വേഷണ റിപ്പോർട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് കൈമാറി. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറാണ് റിപ്പോർട്ട് സമർപ്പിച്ചത്. കെ. ഗുരുപ്രസാദ് ഉൾപ്പെടെ മൂന്ന് അധ്യാപകർ ചേർന്നാണ് വിവാദ ചോദ്യോത്തരങ്ങൾ തയ്യാറാക്കിയതെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ചോദ്യങ്ങൾ തയ്യാറാക്കിയതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
കർണാടക സിലബസിലെ പാഠഭാഗങ്ങളാണ് ചോദ്യങ്ങൾ തയ്യാറാക്കാൻ അവലംബിച്ചതെന്നാണ് അധ്യാപകർ നൽകിയ മൊഴി. അതേസമയം, ചോദ്യങ്ങളുടെ രഹസ്യസ്വഭാവം സംരക്ഷിക്കേണ്ടതിനാൽ അവ പരിശോധിച്ചില്ലെന്നാണ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ നൽകിയ വിശദീകരണം.
സ്കൂൾതല സാമൂഹികശാസ്ത്ര ക്ലബ് ക്വിസ് മത്സരത്തിനുവേണ്ടിയാണ് വിവാദ ചോദ്യങ്ങൾ തയ്യാറാക്കിയത്. മഞ്ചേശ്വരം, കുമ്പള, കാസർകോട് ഉപജില്ലകളിലെ സ്കൂളുകൾക്ക് നൽകിയ ചോദ്യാവലിയിലാണ് സവർക്കറെ പുകഴ്ത്തുന്ന ചോദ്യം ഉൾപ്പെട്ടത്. ഓഗസ്റ്റ് ആറിന് എൽ.പി. സ്കൂൾ വിദ്യാർഥികൾക്കായി നടത്തിയ ഫ്രീഡം ക്വിസിലായിരുന്നു വിവാദ ചോദ്യം.
ബ്രിട്ടീഷുകാരിൽനിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആരെന്നായിരുന്നു ചോദ്യം. ഉത്തരസൂചികയിൽ വി.ഡി. സവർക്കർ എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഇതോടെ വ്യാപക പ്രതിഷേധമുയർന്നു.
സംഭവം വിവാദമായതിനു പിന്നാലെ ചോദ്യങ്ങൾ തയ്യാറാക്കുന്നതിൽ പങ്കാളിയായ അധ്യാപകൻ കെ. ഗുരുപ്രസാദ് റായിയെ പൊതുവിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു. ഓഗസ്റ്റ് ഒൻപതിനായിരുന്നു സസ്പെൻഷൻ നടപടി. അന്വേഷണ റിപ്പോർട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് കൈമാറിയതോടെ തുടർനടപടികൾക്ക് വഴിയൊരുങ്ങി.


