മലപ്പുറം: തിരൂരങ്ങാടിയിൽ പൊട്ടിക്കിടന്ന സ്റ്റേ വയറിൽനിന്ന് ഷോക്കേറ്റ് 14കാരൻ ജുനൈദ് മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. വെന്നിയൂർ കെഎസ്ഇബി ഓഫീസിലേക്ക് യൂത്ത് ലീഗ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. തുടർന്ന് ഓഫീസിനുള്ളിൽ കുത്തിയിരിപ്പ് സമരവും നടത്തി.
അപകടഭീഷണിയുള്ള സ്റ്റേ വയറുകളെക്കുറിച്ച് പലതവണ പരാതി നൽകിയിട്ടും കെഎസ്ഇബി അധികൃതർ നടപടി സ്വീകരിച്ചില്ലെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് കുട്ടിയുടെ മരണത്തിന് കാരണമായതെന്നും പ്രവർത്തകർ കുറ്റപ്പെടുത്തി.
പ്രതിഷേധക്കാരുമായി നടത്തിയ ചർച്ചയിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കെഎസ്ഇബി അധികൃതർ ഉറപ്പുനൽകി. ജുനൈദിന്റെ കുടുംബത്തിന് വേഗത്തിൽ നഷ്ടപരിഹാരം ലഭ്യമാക്കുമെന്നും അറിയിച്ചു.
പ്രദേശത്തെ അപകടാവസ്ഥയിലുള്ള എല്ലാ സ്റ്റേ കേബിളുകളും അടിയന്തരമായി പരിശോധിച്ച് അറ്റകുറ്റപ്പണി നടത്തുമെന്നും അധികൃതർ രേഖാമൂലം ഉറപ്പുനൽകിയിട്ടുണ്ട്. ഞായറാഴ്ചയാണ് തിരൂരങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയായ ജുനൈദ് മരിച്ചത്. കൂട്ടുകാർക്കൊപ്പം മീൻപിടിക്കാൻ പോയതിനിടെ പൊട്ടിക്കിടന്ന സ്റ്റേ വയറിൽനിന്ന് ഷോക്കേൽക്കുകയായിരുന്നു. പ്രതിഷേധം ശക്തമായതോടെ സംഭവത്തിൽ കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായി അധികൃതർ സമ്മതിക്കുകയും മാപ്പുപറയുകയും ചെയ്തിരുന്നു.


