കോട്ടയം: മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെ പരിശോധന ശക്തമാക്കി ചിങ്ങവനം പൊലീസ്. കോട്ടയം ജില്ലയിൽ മദ്യപിച്ച് വാഹനമോടിച്ചതിന് മോട്ടോർ വാഹന വകുപ്പിന്റെ നടപടി നേരിടുന്നവരുടെ എണ്ണം ചിങ്ങവനം സ്റ്റേഷൻ പരിധിയിലാണ് കൂടുതൽ. ഇതിന്റെ പശ്ചാത്തലത്തിൽ എംസി റോഡിൽ സ്ഥിരമായി ബ്രെത്തലൈസർ പരിശോധന നടത്തുകയാണ് പൊലീസ്. കെഎസ്ആർടിസി, സ്വകാര്യ ബസ് ജീവനക്കാരുടെ മദ്യപാനവും മോശം പെരുമാറ്റവും സംബന്ധിച്ച് പരാതികൾ ഉയർന്നിരുന്നു. ഇതേത്തുടർന്നാണ് പരിശോധന ആരംഭിച്ചത്.
നവംബർ 2 മുതലാണ് പരിശോധന തുടങ്ങിയത്. എല്ലാ ദിവസവും രാവിലെ 7.15 മുതൽ 9.30 വരെയാണ് പരിശോധന. കെഎസ്ആർടിസി ബസുകൾ, സ്വകാര്യ ബസുകൾ, സ്കൂൾ ബസുകൾ എന്നിവയുടെ ഡ്രൈവർമാരെയാണ് പ്രധാനമായും പരിശോധിക്കുന്നത്. ചങ്ങനാശേരി ഡിവൈഎസ്പി എസ്. ആഷാദ്, ചിങ്ങവനം എസ്എച്ച്ഒ അജ്മൽ ഷാ, എസ്ഐ കൃഷ്ണകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്.


