ന്യൂ ചണ്ഡീഗഡ്: സയ്യിദ് മുഷ്താഖ് അലി ട്രോഫി എലൈറ്റ് ഗ്രൂപ്പ് സിയിലെ മത്സരത്തിൽ വെടിക്കെട്ട് ബാറ്റിങ്ങുമായി മധ്യപ്രദേശ് ക്യാപ്റ്റൻ രജത് പാട്ടിദാർ. അസമിനെതിരായ മത്സരത്തിൽ 48 പന്തിൽ പുറത്താകാതെ 135 റൺസാണ് താരം നേടിയത്. എട്ട് ഫോറുകളും 13 സിക്സറുകളും ഉൾപ്പെട്ടതായിരുന്നു ഈ തകർപ്പൻ ഇന്നിങ്സ്. വെറും 41 പന്തിൽ രജത് സെഞ്ചുറി പൂർത്തിയാക്കി. തുടർച്ചയായ നാല് പന്തുകൾ സിക്സറിന് പറത്തിയും താരം കാണികളെ ആവേശത്തിലാഴ്ത്തി.
മികച്ച ഫോമിലുള്ള രജത് ഈ സീസണിൽ രഞ്ജി ട്രോഫിയിൽ മധ്യപ്രദേശിനായി രണ്ട് സെഞ്ചുറികൾ നേടിയിരുന്നു. കേരളത്തിനെതിരായ സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരത്തിൽ 29 പന്തിൽ 36 റൺസുമായി പുറത്താകാതെ നിന്നു. ട്വന്റി20യിൽ രജതിന്റെ രണ്ടാമത്തെ സെഞ്ചുറിയാണിത്. നേരത്തെ ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനായും താരം സെഞ്ചുറി നേടിയിരുന്നു.
രജതിന്റെ തകർപ്പൻ ബാറ്റിങ്ങിന്റെ മികവിൽ മധ്യപ്രദേശ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 250 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ അസം 17.4 ഓവറിൽ 119 റൺസിന് എല്ലാവരും പുറത്തായി. ഇതോടെ മധ്യപ്രദേശ് 131 റൺസിന്റെ വിജയം സ്വന്തമാക്കി.



