ന്യൂഡൽഹി: ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ മുംബൈയിലെ വസതിക്ക് മുന്നിൽ വെടിവെപ്പ് നടത്താൻ ലോറൻസ് ബിഷ്ണോയ് സംഘം പദ്ധതിയിട്ടിരുന്നതായി ഡൽഹി പൊലീസ്. സംഘത്തിലെ രണ്ട് ഷൂട്ടർമാരെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം പുറത്തുവന്നതെന്നാണ് സ്പെഷ്യൽ സെൽ വൃത്തങ്ങൾ നൽകുന്ന വിവരം.
അമിതാഭ് ബച്ചനെ കൂടാതെ സൽമാൻ ഖാൻ, ആമിർ ഖാൻ, രൺവീർ സിംഗ്, കപിൽ ശർമ്മ, ഗുരു രൺധാവ തുടങ്ങിയ പ്രമുഖരെയും സംഘം ലക്ഷ്യമിട്ടിരുന്നതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കഴിഞ്ഞ ദിവസമാണ് വികാസ് താക്കൂർ, ദീപക് സിംഗ് എന്നിവരെ ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ പിടികൂടിയത്. മുംബൈ പൊലീസിന്റെ സഹായത്തോടെയായിരുന്നു അറസ്റ്റ്. അമിതാഭ് ബച്ചന്റെ വീടിന് മുന്നിൽ ആക്രമണം നടത്തുന്നതിനായി ദീപക് സിംഗിന് മുംബൈയിൽ തുടരാൻ നിർദേശം ലഭിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്.
ആക്രമണത്തിനുള്ള ഗൂഢാലോചനയുടെ ഭാഗമായി സംഘം മുംബൈയിൽ എത്തിയിരുന്നു. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്. വാർത്ത പുറത്തുവന്നതിന് പിന്നാലെ ‘അതിജീവിച്ചു’ എന്ന അർഥം വരുന്ന കുറിപ്പ് അമിതാഭ് ബച്ചൻ സമൂഹമാധ്യമമായ എക്സിൽ പങ്കുവച്ചിരുന്നു. എന്നാൽ ഇത് ആക്രമണ ഭീഷണിയുമായി ബന്ധപ്പെട്ടാണോ എന്ന് വ്യക്തമല്ല.
അതേസമയം, ഗുജറാത്തിലെ സബർമതി ജയിലിൽ കഴിയുന്ന ലോറൻസ് ബിഷ്ണോയിയെ സന്ദർശിച്ചവരുടെ വിവരങ്ങൾ ഡൽഹി പൊലീസ് തേടിയിട്ടുണ്ട്. ജയിലിൽ കഴിയുമ്പോഴും പുറത്തുള്ള സംഘത്തെ ബിഷ്ണോയ് നിയന്ത്രിക്കുന്നുണ്ടോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. ജയിലിലെത്തുന്ന സന്ദർശകരിലൂടെ ആക്രമണ നിർദേശങ്ങൾ കൈമാറുന്നുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.


