അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്‍റെ (ഐസിസി) ചെയർമാനായി ജയ് ഷായെ രണ്ടാം തവണയും എതിരില്ലാതെ തിരഞ്ഞെടുത്തു. ഇന്തോനേഷ്യയിൽ ചേർന്ന ഐസിസി ബോർഡ് യോഗത്തിൽ ഡയറക്ടർമാർ മുന്നോട്ടുവെച്ച നിർദ്ദേശത്തെത്തുടർന്നാണ് 38കാരനായ ജയ് ഷായെ രണ്ട് വർഷത്തെ രണ്ടാം ടേമിലേക്ക് കൂടി നിയമിക്കാൻ തീരുമാനിച്ചത്. ആദ്യ ടേമിൽ 2024 മുതൽ 2026 വരെ ജയ് ഷാ ചെയർമാനായി.
2024 ഡിസംബറിലാണ് മുൻ ബിസിസിഐ സെക്രട്ടറി കൂടിയായ ജയ് ഷാ ആദ്യമായി ഐസിസി ചെയര്‍മാനായത്. ജയ് ഷായുടെ നേതൃത്വത്തിലുള്ള ബോർഡിന്റെ വിശ്വാസ്യതയെയാണ് തീരുമാനം പ്രതിഫലിപ്പിക്കുന്നതെന്ന് ഐസിസി പ്രസ്താവനയിൽ വ്യക്തമാക്കി. അതേസമയം ഐസിസി ബോർഡ് തന്നിൽ അർപ്പിച്ച വിശ്വാസത്തെ ബഹുമാനിക്കുന്നുവെന്ന് ജയ് ഷായും പ്രതികരിച്ചു.
2024 ൽ ഗ്രഗ് ബാർക്ലേയുടെ പകരക്കാരനായിട്ടാണ് ജയ് ഷാ ഐസിസി ചെയർമാനാകുന്നത്. 2020-ൽ ഐ.സി.സിയുടെ തലപ്പത്തെത്തിയ ബാർക്ലേ 2022-ൽ വീണ്ടും തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.


