ന്യൂഡൽഹി: ബിൽക്കീസ് ബാനു കൂട്ടബലാത്സംഗ, കൊലപാതക കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട രണ്ട് പ്രതികൾക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ബിപിൻചന്ദ് ജോഷി, പ്രദീപ് മോധിയ എന്നിവർക്കാണ് കോടതി ജാമ്യം നൽകിയത്. ഇരുവരുടെയും ശിക്ഷ മരവിപ്പിക്കാനും കോടതി ഉത്തരവിട്ടു.
17 വർഷത്തിലധികം ജയിൽവാസം അനുഭവിച്ചെന്നതും ഇവരുടെ അപ്പീലിൽ പരിശോധിക്കേണ്ട നിരവധി നിയമപരമായ കാര്യങ്ങളുണ്ടെന്നതും പരിഗണിച്ചാണ് നടപടി. 2017ൽ പ്രതികളുടെ ജീവപര്യന്തം തടവ് ശിക്ഷ ബോംബെ ഹൈക്കോടതി ശരിവച്ചിരുന്നു. ഈ വിധിക്കെതിരെയാണ് പ്രതികൾ സുപ്രീം കോടതിയെ സമീപിച്ചത്.
പ്രതികളിലൊരാളായ ബിപിൻചന്ദ് ജോഷിക്ക് ഗുരുതരമായ ശാരീരിക വൈകല്യമുണ്ടെന്ന കാര്യവും കോടതി പരിഗണിച്ചു. എന്നാൽ, കുറ്റകൃത്യത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി സർക്കാർ അഭിഭാഷകൻ ജാമ്യത്തെ എതിർത്തു.
ആദ്യ എഫ്ഐആറിൽ പ്രതികളിലൊരാളുടെ പേര് ഉണ്ടായിരുന്നില്ലെന്നും സംഭവം നടന്ന് മൂന്ന് വർഷത്തോളം കഴിഞ്ഞാണ് ഇയാളെ പ്രതിയാക്കിയതെന്നും പ്രതിഭാഗം വാദിച്ചു. അതിജീവിത പൊലീസിനും ഡോക്ടർക്കും നൽകിയ മൊഴികളിൽ ഇരുവരുടെയും പേരുകൾ ഉണ്ടായിരുന്നില്ലെന്നും അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി.
ഗുജറാത്ത് സർക്കാർ ശിക്ഷായിളവ് നൽകി നേരത്തെ മോചിപ്പിച്ച 11 പ്രതികളിൽ ഉൾപ്പെട്ടവരാണ് ഇവർ. എന്നാൽ, 2024 ജനുവരിയിൽ സുപ്രീം കോടതി ശിക്ഷായിളവ് റദ്ദാക്കിയതോടെ 11 പ്രതികളും വീണ്ടും ജയിലിലേക്ക് മടങ്ങിയിരുന്നു.
2002ലെ ഗുജറാത്ത് കലാപത്തിനിടെയാണ് ബിൽക്കീസ് ബാനു ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയായത്. അന്ന് 21 വയസ്സും അഞ്ചുമാസം ഗർഭിണിയുമായിരുന്നു അവർ. ബിൽക്കീസ് ബാനുവിന്റെ മൂന്ന് വയസ്സുള്ള മകൾ ഉൾപ്പെടെ കുടുംബത്തിലെ ഏഴ് പേരെയും അക്രമികൾ കൊലപ്പെടുത്തിയിരുന്നു.


