ഗ്വാളിയോര്‍: 16 വയസ്സിൽ താഴെയുള്ളവർക്കായുള്ള വിജയ് മർച്ചന്റ് ട്രോഫിയിൽ കേരളവും ജമ്മു കശ്മീരും തമ്മിലുള്ള മത്സരം സമനിലയിൽ അവസാനിച്ചു. കേരളത്തെ 305 റൺസിന് പുറത്താക്കിയ ജമ്മു കശ്മീർ 79 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കി. ആദ്യ ഇന്നിങ്സിൽ ജമ്മു കശ്മീർ 384 റൺസാണ് നേടിയത്.
ആറ് വിക്കറ്റ് നഷ്ടത്തിൽ 163 റൺസെന്ന നിലയിൽ അവസാന ദിവസം ബാറ്റിങ് പുനരാരംഭിച്ച കേരളത്തിന്റെ പ്രതീക്ഷ കാർത്തിയും ശ്രീഹരി പ്രസാദും ചേർന്ന കൂട്ടുകെട്ടിലായിരുന്നു. ഇരുവരും ചേർന്ന് 115 റൺസ് കൂടി കൂട്ടിച്ചേർത്തു. 55 റൺസെടുത്ത കാർത്തി, അറഫാത്ത് ഖയ്യൂമിന്റെ പന്തിൽ എൽ.ബി.ഡബ്ല്യു. ആയി പുറത്തായതോടെ കൂട്ടുകെട്ട് അവസാനിച്ചു.
മറുവശത്ത് ഉറച്ചുനിന്ന ശ്രീഹരി പ്രസാദ് വാലറ്റക്കാർക്കൊപ്പം ചേർന്ന് 70 റൺസ് കൂടി നേടി. ഇതിൽ 51 റൺസും ശ്രീഹരിയുടെ ബാറ്റിൽ നിന്നായിരുന്നു. എന്നാൽ 94 റൺസെടുത്ത ശ്രീഹരിയെ പുറത്താക്കി ഹമ്മദ് ഫിർദൗസ് കേരളത്തിന്റെ ഇന്നിങ്സിന് വിരാമമിട്ടു. 222 പന്തുകൾ നേരിട്ട ശ്രീഹരി 12 ബൗണ്ടറികളോടെയാണ് 94 റൺസ് നേടിയത്.
ദേവനാരായൺ (42), ആരോൺ അലക്സ് (41) എന്നിവരും കേരളത്തിനായി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ജമ്മു കശ്മീരിനായി ഹമ്മദ് ഫിർദൗസ് നാല് വിക്കറ്റും അറഫാത്ത് ഖയ്യൂം മൂന്ന് വിക്കറ്റും സനിൽ സിങ് രണ്ട് വിക്കറ്റും വീഴ്ത്തി.



