കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ ജഡ്ജി ഹണി എം. വർഗീസിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് അഭിഭാഷക ടി.ബി. മിനി നൽകിയ ഹർജി തള്ളി. കോടതിയിൽ തന്നെ അപമാനിച്ചെന്നാരോപിച്ചാണ് ടി.ബി. മിനി ഹൈക്കോടതിയെ സമീപിച്ചത്.
നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ അഭിഭാഷകയായിരുന്നു ടി.ബി. മിനി. വിചാരണയ്ക്കിടെ അഭിഭാഷക കോടതിയിൽ ഇരുന്ന് ഉറങ്ങുകയായിരുന്നുവെന്നും പത്ത് ദിവസത്തിൽ താഴെ മാത്രമാണ് കോടതിയിൽ ഹാജരായതെന്നും ജഡ്ജി പരാമർശിച്ചതായി ഹർജിയിൽ പറയുന്നു.
2026 ജനുവരി 12ന് നടത്തിയ ഈ പരാമർശം തന്റെ അഭിഭാഷക ജോലിയെ അപകീർത്തിപ്പെടുത്തിയെന്നും തുടർന്ന് സമൂഹമാധ്യമങ്ങളിൽ വ്യാപകമായ സൈബർ ആക്രമണം നേരിടേണ്ടിവന്നെന്നും ടി.ബി. മിനി ആരോപിച്ചു.
ജഡ്ജിക്കെതിരെ കോടതി സ്വമേധയാ കോടതിയലക്ഷ്യ കേസ് രജിസ്റ്റർ ചെയ്യണമെന്നായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം. നേരത്തെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് അഡ്വക്കറ്റ് ജനറലിന് ടി.ബി. മിനി പരാതി നൽകിയിരുന്നു. എന്നാൽ ഈ അപേക്ഷ അഡ്വക്കറ്റ് ജനറൽ തള്ളിയതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്.



