തിരുവനന്തപുരം: എൽ.പി.എസ്.ടി. ഉദ്യോഗാർഥികളുടെ സമരം അവസാനിപ്പിക്കാൻ പുതിയ ഫോർമുലയുമായി സർക്കാർ. തസ്തിക നഷ്ടപ്പെടുന്ന സർക്കാർ സ്കൂളുകളിൽ അധ്യാപക-വിദ്യാർഥി അനുപാതം 1:30ൽ നിന്ന് 1:25 ആയി കുറയ്ക്കാനാണ് ആലോചന. എന്നാൽ ഈ ഇളവ് എയ്ഡഡ് സ്കൂളുകൾക്ക് ബാധകമാകില്ല. 150ൽ കുറയാത്ത കുട്ടികളുള്ള സർക്കാർ സ്കൂളുകളിൽ പ്രധാനാധ്യാപകരെ ക്ലാസ് ചുമതലയിൽനിന്ന് ഒഴിവാക്കുമ്പോൾ പകരം പി.എസ്.സി. വഴി അധ്യാപകരെ നിയമിക്കാനും നിർദേശമുണ്ട്. ഇതിലൂടെ കൂടുതൽ ഉദ്യോഗാർഥികൾക്ക് ജോലി ലഭിക്കുമെന്നാണ് പ്രതീക്ഷ.
സർക്കാരിന്റെ പുതിയ നിർദേശങ്ങൾ നാളത്തെ മന്ത്രിസഭാ യോഗം പരിഗണിച്ചേക്കും. രണ്ട് നിർദേശങ്ങളും നടപ്പാക്കുന്നതിലൂടെ 50 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇക്കാര്യം വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചിട്ടുണ്ട്.
നിലവിലെ രീതിയനുസരിച്ച് ഒരു അധ്യാപകന് 30 വിദ്യാർഥികൾ എന്നതാണ് അനുപാതം. കുട്ടികളുടെ എണ്ണം കുറവുള്ള സ്കൂളുകളിൽ 25 വിദ്യാർഥികൾ മാത്രമാണുള്ളതെങ്കിൽ ഡിവിഷൻ കുറവായി കണക്കാക്കും. ഇതോടെ അധ്യാപകരുടെ തസ്തിക നഷ്ടപ്പെടുകയും അവരെ മറ്റ് സ്കൂളുകളിലേക്ക് മാറ്റുകയും ചെയ്യും. പുതിയ ഫോർമുല നടപ്പാക്കുന്നതോടെ അധ്യാപക-വിദ്യാർഥി അനുപാതം 1:25 ആകും. ഇതുവഴി ഡിവിഷനുകൾ നിലനിർത്താനും അധ്യാപകരെ മറ്റ് സ്കൂളുകളിലേക്ക് മാറ്റുന്നത് ഒഴിവാക്കാനും കഴിയുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ.
അതേസമയം, 150ൽ കൂടുതൽ വിദ്യാർഥികളുള്ള സർക്കാർ സ്കൂളുകളിൽ പ്രധാനാധ്യാപകരെ ക്ലാസ് ചുമതലയിൽനിന്ന് ഒഴിവാക്കുമ്പോൾ പകരം ദിവസവേതനാടിസ്ഥാനത്തിലാണ് നിലവിൽ അധ്യാപകരെ നിയമിക്കുന്നത്. പുതിയ നിർദേശം നടപ്പായാൽ ഇത്തരം ഒഴിവുകളിലേക്ക് പി.എസ്.സി. വഴിയായിരിക്കും നിയമനം. വളർമതി ഉൾപ്പെടെയുള്ള എൽ.പി.എസ്.ടി. ഉദ്യോഗാർഥികൾ നടത്തുന്ന സമരം ശക്തമാകുന്നതിനിടെയാണ് പ്രശ്നപരിഹാരത്തിനായി സർക്കാർ നീക്കം നടത്തുന്നത്.


