കോഴിക്കോട്: അപൂർവ ജനിതക രോഗമായ എസ്.എം.എ. ബാധിച്ച മുക്കത്തെ മൂന്ന് കുരുന്നുകളുടെ ചികിത്സയ്ക്കായി ഇതുവരെ സമാഹരിച്ചത് 21.5 കോടി രൂപ. ഒരുമാസത്തിനിടെ 21,55,60,308 രൂപയാണ് ചികിത്സാ സഹായ സമിതിയുടെ അക്കൗണ്ടിലെത്തിയത്. അടുത്ത പത്ത് ദിവസത്തിനുള്ളിൽ 50 കോടി രൂപയുടെ ലക്ഷ്യം പൂർത്തിയാക്കാനാണ് സമിതിയുടെ ശ്രമം. മൂന്ന് കുട്ടികളുടെയും ചികിത്സ ഒരേസമയം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.
ഒറ്റ പ്രസവത്തിലൂടെ ജനിച്ച കല്ലുരുട്ടി പൂവ്വത്തേരിച്ചാലിലെ ഡേവിഡ്, ഏഥൻ, ഒലിവർ എന്നീ മൂന്ന് കുരുന്നുകൾക്കായാണ് വിപുലമായ ധനസമാഹരണം നടത്തുന്നത്. ജനപ്രതിനിധികൾ, സാമൂഹിക-രാഷ്ട്രീയ നേതാക്കൾ, നാട്ടുകാർ എന്നിവരെ ഉൾപ്പെടുത്തി രൂപീകരിച്ച ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.
പ്രിയങ്ക ഗാന്ധി എം.പി., എം.കെ. രാഘവൻ എം.പി., എം.എൽ.എമാരായ സി.കെ. കാസിം, പി.കെ. ഫിറോസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ, മുക്കം നഗരസഭാ അധ്യക്ഷ കെ.പി. ചാന്ദ്നി എന്നിവർ രക്ഷാധികാരികളായ കമ്മിറ്റിയാണ് ധനസമാഹരണത്തിന് നേതൃത്വം നൽകുന്നത്.
ചികിത്സയ്ക്ക് ആവശ്യമായ മരുന്നിന്റെ വില സംബന്ധിച്ച ഔദ്യോഗിക ക്വട്ടേഷൻ ഉടൻ ലഭ്യമാക്കുമെന്ന് കമ്മിറ്റി അറിയിച്ചു. ‘സോൾജെൻസ്മ’ (Zolgensma) എന്ന ജീൻ തെറാപ്പി മരുന്നിന്റെ നിർമാതാക്കളായ നോവാർട്ടിസ് കമ്പനിയുടെ പ്രതിനിധികളുമായി സമിതി ചർച്ച നടത്തി. മരുന്നിന്റെ വിലയിൽ പരമാവധി ഇളവും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കാനാണ് ശ്രമം.
അതിനിടെ, ചികിത്സാ സഹായ ഫണ്ടിലേക്ക് പണം അയക്കരുതെന്ന വ്യാജ പ്രചാരണം ധനസമാഹരണത്തിന് തിരിച്ചടിയായി. ചികിത്സയ്ക്ക് ആവശ്യമായ 50 കോടി രൂപ സമാഹരിച്ചെന്നും ഇനി ആരും പണം അയക്കേണ്ടതില്ലെന്നുമുള്ള ശബ്ദസന്ദേശം വാട്സാപ്പിലൂടെ പ്രചരിച്ചിരുന്നു. ഇതിനെതിരെ ചികിത്സാ സഹായ സമിതി പൊലീസിൽ പരാതി നൽകി.


