ന്യൂഡൽഹി: കോൺഗ്രസിലേക്ക് തിരിച്ചുപോകാനില്ലെന്ന് വ്യക്തമാക്കി മുൻ പഞ്ചാബ് മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ക്യാപ്റ്റൻ അമരീന്ദർ സിങ്. സോണിയ ഗാന്ധിയുടെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്തതോടെ അമരീന്ദർ വീണ്ടും കോൺഗ്രസിലേക്ക് മടങ്ങിയെത്തുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. ഇതിനിടെയാണ് കോൺഗ്രസിലേക്കുള്ള മടങ്ങിവരവ് തള്ളിക്കൊണ്ട് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
ഗാന്ധി കുടുംബവുമായി ദീർഘകാലമായി നിലനിൽക്കുന്ന വ്യക്തിബന്ധമാണ് ചടങ്ങിൽ പങ്കെടുക്കാൻ കാരണമെന്ന് അമരീന്ദർ സിങ് വിശദീകരിച്ചു. പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിന് രാഷ്ട്രീയ പാർട്ടികൾ തടസ്സമല്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിലേക്ക് മടങ്ങുമോയെന്ന ചോദ്യത്തിന് ഒരിക്കലുമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
സോണിയ ഗാന്ധിയുടെ പുസ്തക പ്രകാശന ചടങ്ങിൽ മുൻനിരയിൽ തന്നെയായിരുന്നു അമരീന്ദറിന് ഇരിപ്പിടം ഒരുക്കിയിരുന്നത്. ചടങ്ങിൽ രാഹുൽ ഗാന്ധിയും അദ്ദേഹത്തെ പേരെടുത്ത് പരാമർശിച്ചിരുന്നു. നിലവിൽ ബിജെപിയിലുള്ള അമരീന്ദർ ചടങ്ങിൽ പങ്കെടുത്ത ഏക ബിജെപി നേതാവുമായിരുന്നു.
അതേസമയം, അമരീന്ദർ സിങ് കോൺഗ്രസിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ സ്വാഗതം ചെയ്യുമെന്ന നിലപാടിലാണ് മുതിർന്ന കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ്. നിലവിൽ അദ്ദേഹത്തെ ആരും പാർട്ടിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും എന്നാൽ തിരിച്ചുവരാൻ ആഗ്രഹമുണ്ടെങ്കിൽ കോൺഗ്രസിന്റെ വാതിലുകൾ തുറന്നുതന്നെയാണെന്നും ഖുർഷിദ് വ്യക്തമാക്കി. അമരീന്ദറിനെപ്പോലൊരു അനുഭവസമ്പന്നനായ നേതാവിന്റെ സാന്നിധ്യം പാർട്ടിക്ക് കരുത്താകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുതിർന്ന കോൺഗ്രസ് നേതാവ് അംബിക സോണിയും അമരീന്ദറിന്റെ മടങ്ങിവരവ് പാർട്ടിക്ക് ഗുണകരമാകുമെന്ന് നേരത്തെ പ്രതികരിച്ചിരുന്നു. എന്നാൽ കോൺഗ്രസിലേക്ക് തിരിച്ചുപോകാനില്ലെന്ന അമരീന്ദറിന്റെ നിലപാടോടെ അഭ്യൂഹങ്ങൾക്ക് വിരാമമായിരിക്കുകയാണ്.
നവ്ജ്യോത് സിങ് സിദ്ദുവുമായുള്ള അഭിപ്രായവ്യത്യാസങ്ങളാണ് അമരീന്ദറും കോൺഗ്രസ് നേതൃത്വവും തമ്മിലുള്ള ബന്ധം വഷളാക്കിയത്. 2017ൽ സിദ്ദു കോൺഗ്രസിലെത്തിയതോടെയാണ് ഇരുവരും തമ്മിലുള്ള ഭിന്നതകൾ ആരംഭിച്ചത്. മന്ത്രിസ്ഥാനവും വകുപ്പുകളും സംബന്ധിച്ച തർക്കങ്ങൾക്കൊപ്പം സിദ്ദുവിന്റെ പാകിസ്ഥാൻ സന്ദർശനവും പാക് സൈനിക മേധാവിയെ ആലിംഗനം ചെയ്തതും വിവാദങ്ങൾക്ക് വഴിവെച്ചു. ഇതിനെ അമരീന്ദർ പരസ്യമായി വിമർശിച്ചിരുന്നു.
2019ലെ മന്ത്രിസഭാ പുനഃസംഘടനയിൽ സിദ്ദുവിന്റെ തദ്ദേശഭരണ വകുപ്പ് മാറ്റിയതോടെ അദ്ദേഹം മന്ത്രിസ്ഥാനം രാജിവെച്ചു. 2021ൽ സിദ്ദുവിനെ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷനാക്കിയ ഹൈക്കമാൻഡ് തീരുമാനവും ഇരുവരും തമ്മിലുള്ള പോര് രൂക്ഷമാക്കി. ഒടുവിൽ ഈ തർക്കങ്ങൾ അമരീന്ദറിന്റെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നുള്ള രാജിയിലേക്ക് നയിച്ചു.
2021 സെപ്റ്റംബർ 18ന് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച അമരീന്ദർ നവംബർ രണ്ടിന് കോൺഗ്രസും വിട്ടു. സോണിയ ഗാന്ധിക്ക് നൽകിയ രാജിക്കത്തിൽ രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനങ്ങളും ഉന്നയിച്ചിരുന്നു.
തുടർന്ന് പഞ്ചാബ് ലോക് കോൺഗ്രസ് എന്ന പേരിൽ സ്വന്തം പാർട്ടി രൂപീകരിച്ച അദ്ദേഹം 2022 നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യത്തിലായി. തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ 2022 സെപ്റ്റംബർ 19ന് ബിജെപിയിൽ ചേർന്ന അമരീന്ദർ സ്വന്തം പാർട്ടിയെ ബിജെപിയിൽ ലയിപ്പിക്കുകയും ചെയ്തു.
സോണിയ ഗാന്ധിയുടെ പുസ്തക പ്രകാശന ചടങ്ങിലെ സാന്നിധ്യം രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചെങ്കിലും കോൺഗ്രസിലേക്കുള്ള മടങ്ങിവരവിനില്ലെന്ന അമരീന്ദറിന്റെ പ്രഖ്യാപനം നിലപാടിൽ വ്യക്തത വരുത്തിയിരിക്കുകയാണ്.


