ചെന്നൈ: മധുരയിലെ തനിഷ്ക് ജ്വല്ലറിയിൽ നിന്ന് കവർന്ന സ്വർണത്തിന്റെ ഒരു ഭാഗം പൊലീസ് കണ്ടെടുത്തു. കേസിലെ മുഖ്യപ്രതി നിഷാന്ത് ഒളിപ്പിച്ച 6.4 കിലോ സ്വർണമാണ് കണ്ടെത്തിയത്. രണ്ട് സ്ഥലങ്ങളിലായാണ് ഇയാൾ സ്വർണം ഒളിപ്പിച്ചതെന്നാണ് വിവരം. കൂടുതൽ സ്വർണം കണ്ടെത്താനുണ്ടെന്നും പൊലീസ് അറിയിച്ചു.
ബെംഗളൂരുവിൽ നിന്ന് സേലത്തേക്ക് പോകുകയായിരുന്ന ബസിൽ യാത്ര ചെയ്യുന്നതിനിടെ ധർമപുരിയിൽ വെച്ചാണ് നിഷാന്ത് പിടിയിലായത്. തുടർന്ന് ഇയാളെ മധുരയിൽ എത്തിച്ചു. നിഷാന്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ മധുര വിളാച്ചേരിക്ക് സമീപം കുഴിച്ചിട്ട നിലയിൽ സ്വർണം കണ്ടെത്തുകയായിരുന്നു.
നിഷാന്തിന്റെ കൈയിലെ ടാറ്റുവാണ് പ്രതിയെ തിരിച്ചറിയാൻ അന്വേഷണ സംഘത്തെ സഹായിച്ചത്. പക്ഷിയുടെയും കലമാനിന്റെയും ചിത്രങ്ങളാണ് ഇയാളുടെ കൈയിൽ പച്ചകുത്തിയിരുന്നത്. സ്വർണം വാങ്ങാനെന്ന പേരിൽ മൂന്ന് തവണ ജ്വല്ലറിയിലെത്തിയപ്പോൾ രണ്ട് ജീവനക്കാർ ഈ ടാറ്റു ശ്രദ്ധിച്ചിരുന്നു. ഇത് അന്വേഷണത്തിൽ നിർണായകമായി.
നിഷാന്തിന്റെ പെൺസുഹൃത്തും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ മീനാക്ഷി നാച്ചിയാറിന്റെ വീട്ടിലും പൊലീസ് പരിശോധന നടത്തി. ജില്ലാ കോടതിയിൽ ഹാജരാക്കിയ നിഷാന്തിനെ അടുത്ത മാസം ഒന്നുവരെ റിമാൻഡ് ചെയ്തു.
അതേസമയം, മോഷണക്കേസിൽ നിഷാന്ത് അറസ്റ്റിലായതിന് പിന്നാലെ മീനാക്ഷിയുടെ ഇൻസ്റ്റഗ്രാം ഫോളോവേഴ്സിന്റെ എണ്ണത്തിലും വർധനയുണ്ടായി. നേരത്തെ ഒന്നര ലക്ഷത്തോളം ഉണ്ടായിരുന്ന ഫോളോവേഴ്സിന്റെ എണ്ണം ഇപ്പോൾ രണ്ട് ലക്ഷം കടന്നതായാണ് റിപ്പോർട്ട്.


