ഹൈദരാബാദ്: ഐപിഎൽ 2027 സീസണിന് മുന്നോടിയായി സൺറൈസേഴ്സ് ഹൈദരാബാദിന് കനത്ത തിരിച്ചടി. ടീമിന്റെ വെടിക്കെട്ട് ഓപ്പണറും ഓസ്ട്രേലിയൻ താരവുമായ ട്രാവിസ് ഹെഡ് അടുത്ത സീസണിൽ നിന്ന് പിന്മാറാനൊരുങ്ങുന്നതായി റിപ്പോർട്ട്. ക്രിക്ഇൻഫോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇതോടെ ഹെഡും അഭിഷേക് ശർമയും ചേർന്നുള്ള വെടിക്കെട്ട് ഓപ്പണിങ് കൂട്ടുകെട്ടിന് താൽക്കാലിക വിരാമമാകും.
തിരക്കേറിയ അന്താരാഷ്ട്ര മത്സരക്രമവും ജോലിഭാരവും കണക്കിലെടുത്താണ് ഐപിഎല്ലിൽ നിന്ന് വിട്ടുനിൽക്കാൻ ഹെഡ് തീരുമാനിച്ചതെന്നാണ് വിവരം. ഇക്കാര്യം താരം സൺറൈസേഴ്സ് ടീം മാനേജ്‌മെന്റിനെ അറിയിച്ചതായും റിപ്പോർട്ടിൽ പറയുന്നു. റീട്ടെൻഷൻ പട്ടിക സമർപ്പിക്കാനുള്ള അവസാന തീയതിക്ക് മുന്നോടിയായുള്ള താരത്തിന്റെ തീരുമാനം ഹൈദരാബാദിന്റെ ടീം പദ്ധതികളെ കാര്യമായി ബാധിക്കും.
എന്നാൽ ഹെഡിന്റെ പിന്മാറ്റം ടീമിന് സാമ്പത്തികമായി നേട്ടമാകും. 2025ലെ മെഗാ ലേലത്തിന് മുന്നോടിയായി 14 കോടി രൂപയ്ക്കാണ് സൺറൈസേഴ്സ് താരത്തെ നിലനിർത്തിയത്. താരം റിലീസ് ചെയ്യപ്പെടുന്നതോടെ ഈ തുക ടീമിന്റെ ലേല പേഴ്സിലേക്ക് തിരിച്ചെത്തും. ഡിസംബർ 16ന് ഗോവയിൽ നടക്കുന്ന മിനി ലേലത്തിൽ 14 കോടി രൂപ അധികമായി ചെലവഴിക്കാനുള്ള അവസരമാണ് ഇതിലൂടെ ഹൈദരാബാദിന് ലഭിക്കുക.
ഹെൻറിച്ച് ക്ലാസൻ (23 കോടി), പാറ്റ് കമ്മിൻസ് (18 കോടി), അഭിഷേക് ശർമ (14 കോടി), നിതീഷ് കുമാർ റെഡ്ഡി (6 കോടി) എന്നിവരാണ് ഹൈദരാബാദ് നിലനിർത്തിയ മറ്റ് പ്രധാന താരങ്ങൾ.
2027ൽ ഓസ്ട്രേലിയക്ക് മുന്നിലുള്ള തിരക്കേറിയ അന്താരാഷ്ട്ര മത്സരങ്ങളാണ് ഹെഡിന്റെ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണമെന്നാണ് റിപ്പോർട്ട്. അടുത്ത വർഷം 20 ടെസ്റ്റ് മത്സരങ്ങളാണ് ഓസ്ട്രേലിയ കളിക്കാനിരിക്കുന്നത്. ജൂണിൽ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ, ജൂൺ മുതൽ ഓഗസ്റ്റ് വരെ നീളുന്ന ആഷസ് പരമ്പര എന്നിവയും താരത്തിന്റെ മത്സരക്രമത്തിലുണ്ട്. കൂടാതെ ഒക്ടോബർ-നവംബർ മാസങ്ങളിൽ ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നമീബിയ എന്നിവിടങ്ങളിലായി നടക്കുന്ന ഏകദിന ലോകകപ്പും ഓസ്ട്രേലിയക്ക് മുന്നിലുണ്ട്.
ദേശീയ ടീമിന്റെ മത്സരങ്ങൾക്ക് മുൻഗണന നൽകുന്നതിന്റെ ഭാഗമായി താരങ്ങൾക്ക് ചില കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടിവരുമെന്ന് ഓസ്ട്രേലിയൻ മുഖ്യ പരിശീലകൻ ആൻഡ്രൂ മക്ഡൊണാൾഡ് നേരത്തെ സൂചിപ്പിച്ചിരുന്നു.
2024ലെ ലേലത്തിൽ 6.8 കോടി രൂപയ്ക്കാണ് സൺറൈസേഴ്സ് ഹൈദരാബാദ് ട്രാവിസ് ഹെഡിനെ സ്വന്തമാക്കിയത്. മുഖ്യ പരിശീലകൻ ഡാനിയൽ വെട്ടോറിയുടെ താൽപര്യപ്രകാരമായിരുന്നു ടീമിലേക്ക് ഇടംകൈയൻ ഓപ്പണറെ എത്തിച്ചത്. പിന്നീട് അഭിഷേക് ശർമയ്ക്കൊപ്പം ചേർന്ന് പവർപ്ലേ ഓവറുകളിൽ എതിരാളികളെ വിറപ്പിക്കുന്ന പ്രകടനമാണ് ഹെഡ് പുറത്തെടുത്തത്.
ഹെഡിന്റെ അഭാവത്തിൽ അഭിഷേക് ശർമയ്ക്കൊപ്പം ആരായിരിക്കും ഓപ്പണിങ്ങിനിറങ്ങുകയെന്നതാണ് ഹൈദരാബാദിന് മുന്നിലുള്ള പ്രധാന ചോദ്യം. ഗോവയിൽ നടക്കുന്ന മിനി ലേലത്തിൽ മികച്ചൊരു ഓപ്പണറെ കണ്ടെത്തുക എന്നതാകും ടീമിന്റെ പ്രധാന ലക്ഷ്യം.


