തിരുവനന്തപുരം: സ്വകാര്യ ആശുപത്രി മാനേജ്മെന്റിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ തിരുവനന്തപുരം ഡി.സി.സി. അംഗം സുഹൈൽ ഷാജഹാനെ കോൺഗ്രസ് പുറത്താക്കി. പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന പ്രവർത്തനങ്ങൾ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സുഹൈൽ ഷാജഹാനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയതായി ഡി.സി.സി. പ്രസിഡന്റ് എൻ. ശക്തൻ എം.എൽ.എ. അറിയിച്ചു.
ആശുപത്രി മാനേജ്മെന്റിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിലാണ് സുഹൈൽ ഷാജഹാനെ പേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. ആനയറയിലെ സ്വകാര്യ ആശുപത്രിക്കെതിരേ അപകീർത്തികരമായ വാർത്തകൾ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ശേഷം ഇത് പിൻവലിക്കാൻ പത്തുലക്ഷം രൂപ ആവശ്യപ്പെട്ടെന്നാണ് പരാതി. വ്യാജ ദൃശ്യങ്ങൾ ഉപയോഗിച്ചാണ് ആശുപത്രിക്കെതിരേ വീഡിയോ തയ്യാറാക്കിയത്.
സ്വന്തം സാമൂഹികമാധ്യമ അക്കൗണ്ടിലൂടെയും മറ്റ് മാർഗങ്ങളിലൂടെയും ഇയാൾ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു. വീഡിയോ പിൻവലിക്കാൻ പണം നൽകാമെന്ന് ആശുപത്രി അധികൃതർ സമ്മതിച്ചെങ്കിലും പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പണം കൈപ്പറ്റുന്നതിനായി സുഹൈൽ ആശുപത്രിയിലെത്തിയപ്പോൾ പേട്ട പൊലീസ് പിടികൂടി. കേസിൽ ആകെ അഞ്ചുപ്രതികളുണ്ടെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.
നിരവധി കേസുകളിൽ പ്രതിയായ സുഹൈൽ ഷാജഹാൻ, 2022-ലെ എ.കെ.ജി. സെന്റർ ആക്രമണക്കേസിലെ മുഖ്യപ്രതിയാണ്. കോൺഗ്രസ് നേതാവ് കെ. സുധാകരന്റെ അനുയായിയായ ഇയാൾ നേരത്തെയും പാർട്ടിക്ക് തലവേദന സൃഷ്ടിച്ചിട്ടുണ്ട്.
ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് കൊച്ചിയിൽ കാപ്പാ കേസ് പ്രതികളടക്കമുള്ള ഗുണ്ടകളുടെ യോഗം സുഹൈൽ വിളിച്ചുചേർത്തതും വിവാദമായിരുന്നു. കെ. സുധാകരനും ഈ യോഗത്തിൽ പങ്കെടുത്തിരുന്നു.


