കോഴിക്കോട്: കോഴിക്കോട് നോർത്ത് ബീച്ചിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ബുധനാഴ്ച രാവിലെ ആറുമണിയോടെ ബീച്ചിലെ സ്റ്റേജിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.
പ്രഭാതനടത്തത്തിനായി ബീച്ചിലെത്തിയവരാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് വിവരം സുരക്ഷാ ജീവനക്കാരെ അറിയിച്ചു. ഇവർ അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി മൃതദേഹം ബീച്ച് ആശുപത്രിയിലേക്ക് മാറ്റി.
പ്രസവത്തിന് പിന്നാലെ കുഞ്ഞിനെ ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം ആരംഭിച്ച പൊലീസ്, ബീച്ചിലെയും പരിസരങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. കുഞ്ഞിനെ ഉപേക്ഷിച്ചവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.


