തിരുവനന്തപുരം: പാങ്ങാപ്പാറ അഭിരാം വധക്കേസിൽ നിർണായക തെളിവുകൾ കണ്ടെത്തി അന്വേഷണസംഘം. കൊലപാതകത്തിന് ഉപയോഗിച്ചെന്ന് കരുതുന്ന അഭിരാമിന്റെ ബെൽറ്റും മൊബൈൽ ഫോണും ഷർട്ടും വെള്ളിമാലയും പോലീസ് കണ്ടെടുത്തു. കൊലപാതകം നടന്ന സ്ഥലത്തിന് സമീപത്തെ കിണറ്റിൽ കല്ലുകെട്ടി താഴ്ത്തിയ നിലയിലായിരുന്നു ഇവ കണ്ടെത്തിയത്.
രണ്ടാംഘട്ട തെളിവെടുപ്പിനിടെയാണ് നിർണായക തൊണ്ടിമുതലുകൾ പോലീസിന് ലഭിച്ചത്. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കിണറ്റിലെ വെള്ളം വറ്റിച്ചാണ് തെളിവുകൾക്കായി തിരച്ചിൽ നടത്തിയത്. കഴക്കൂട്ടം അഗ്നിരക്ഷാസേനയും ചെങ്കൽചൂളയിൽനിന്നുള്ള സ്കൂബാ സംഘവും പരിശോധനയിൽ പങ്കെടുത്തു. മുഖ്യപ്രതി ഉമറിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിൽനിന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചത്.
അഭിരാമിന്റെ ഷർട്ട് ഉൾപ്പെടെയുള്ള സാധനങ്ങൾ ബന്ധുക്കളെത്തി തിരിച്ചറിഞ്ഞു. ഉമറിനെയും രണ്ട് യുവതികളെയും ഉൾപ്പെടെ മൂന്ന് പ്രതികളെയാണ് അന്വേഷണസംഘം മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വാങ്ങിയത്. ഇവരെ ഇന്ന് വൈകുന്നേരത്തോടെ വീണ്ടും കോടതിയിൽ ഹാജരാക്കും.
പ്രായപൂർത്തിയാകാത്ത പ്രതി ഉൾപ്പെടെയുള്ളവരുടെ ആസൂത്രിത നീക്കങ്ങളും പരസ്പരവിരുദ്ധമായ മൊഴികളും അന്വേഷണത്തെ പ്രതിസന്ധിയിലാക്കിയിരുന്നു. കൊലപാതകം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും കൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങളോ മറ്റ് നിർണായക തൊണ്ടിമുതലുകളോ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിരുന്നില്ല.
തെളിവുകൾ നശിപ്പിക്കാൻ പ്രതികൾ വിവിധ മാർഗങ്ങൾ സ്വീകരിച്ചെന്നാണ് പോലീസിന്റെ നിഗമനം. തൊണ്ടിമുതലുകൾ സമീപത്തെ തോട്ടിലേക്ക് വലിച്ചെറിഞ്ഞെന്നായിരുന്നു 17-കാരനായ ഒന്നാം പ്രതിയുടെ ആദ്യമൊഴി. എന്നാൽ, ഇവ കുറ്റിക്കാട്ടിലേക്കാണ് എറിഞ്ഞതെന്നായിരുന്നു ഉമർ അന്വേഷണസംഘത്തോട് പറഞ്ഞത്.
കഴിഞ്ഞദിവസം കാടുമൂടിയ പ്രദേശങ്ങളിൽ പോലീസ് വിശദമായ പരിശോധന നടത്തിയിരുന്നു. തുടർന്ന് സമീപത്തെ തെറ്റിയാർ തോട്ടിൽ സ്കൂബാ ഡൈവിങ് സംഘത്തിന്റെ സഹായത്തോടെ മണിക്കൂറുകളോളം തിരച്ചിൽ നടത്തിയെങ്കിലും തെളിവുകളൊന്നും കണ്ടെത്താനായില്ല. തൊണ്ടിമുതലുകൾ മറ്റെവിടെയെങ്കിലും കൊണ്ടുപോയി നശിപ്പിച്ചിരിക്കാമെന്ന സംശയത്തിലായിരുന്നു അന്വേഷണസംഘം. അന്വേഷണത്തിന്റെ ആദ്യഘട്ടം മുതൽ നാല് പ്രതികളും പരസ്പരവിരുദ്ധമായ മൊഴികളാണ് നൽകിവരുന്നത്.



