വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും മറ്റ് ഉന്നത രാഷ്ട്രീയ നേതാക്കളെയും വധിക്കാൻ ഗൂഢാലോചന നടത്തിയ പാകിസ്താൻ പൗരന് 27 വർഷവും ആറുമാസവും തടവുശിക്ഷ. ആസിഫ് മർച്ചന്റ് എന്ന 48-കാരനെയാണ് ബ്രൂക്ക്ലിനിലെ ഫെഡറൽ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്. ഇറാന്റെ പിന്തുണയോടെയായിരുന്നു ഇയാളുടെ നീക്കങ്ങളെന്നും കോടതി കണ്ടെത്തി. 2024-ലാണ് ആസിഫ് അറസ്റ്റിലായത്.
2020-ൽ ഇറാന്റെ സൈനിക കമാൻഡർ ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ചിരുന്നു. ഇതിന് പ്രതികാരമായി അന്നത്തെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും മറ്റ് അമേരിക്കൻ നേതാക്കളെയും ലക്ഷ്യമിട്ട് ആക്രമണം നടത്താൻ ആളുകളെ റിക്രൂട്ട് ചെയ്യാൻ ആസിഫ് ശ്രമിച്ചെന്നാണ് പ്രോസിക്യൂഷൻ വാദം. മുൻ പ്രസിഡന്റ് ജോ ബൈഡൻ, റിപ്പബ്ലിക്കൻ നേതാവ് നിക്കി ഹാലി എന്നിവരെയും ലക്ഷ്യമിട്ടിരുന്നുവെന്നാണ് വിവരം.
ടെഹ്റാനിലുള്ള തന്റെ കുടുംബത്തെ സംരക്ഷിക്കാനാണ് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ ഗൂഢാലോചനയിൽ പങ്കാളിയായതെന്നും സ്വന്തം താൽപര്യപ്രകാരമായിരുന്നില്ല അതെന്നും വിചാരണയ്ക്കിടെ ആസിഫ് മൊഴി നൽകിയിരുന്നു. ഒരു പ്രത്യേക വ്യക്തിയെ വധിക്കാൻ തനിക്ക് നിർദേശം ലഭിച്ചിരുന്നില്ലെന്നും ടെഹ്റാനിൽ നടന്ന കൂടിക്കാഴ്ചകളിൽ ഇറാനിയൻ ഇടനിലക്കാരൻ മൂന്ന് പേരുകൾ പരാമർശിച്ചിരുന്നുവെന്നും ഇയാൾ കോടതിയിൽ വ്യക്തമാക്കി.


