ഹരിപ്പാട്: കാണാതായ എൻജിനീയറിങ് വിദ്യാർഥിയുടെ മൃതദേഹം ആറാട്ടുപുഴ അഴീക്കൽ കടലിൽ കണ്ടെത്തി. ഇടപ്പോൺ ഹരിനന്ദനത്തിൽ ശ്രീകുമാറിന്റെ മകൻ ദേവദത്ത് (19) ആണ് മരിച്ചത്. വലിയഴീക്കൽ പാലത്തിൽനിന്ന് കടലിലേക്ക് ചാടിയതാകാമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ചൊവ്വാഴ്ച വൈകീട്ട് നാലോടെ കായംകുളം പൊഴിക്ക് ഏകദേശം രണ്ട് കിലോമീറ്റർ പടിഞ്ഞാറ് കടലിൽ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്. തുടർന്ന് തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷനിലെ മറൈൻ എൻഫോഴ്‌സ്‌മെന്റ് സംഘം സ്ഥലത്തെത്തി മൃതദേഹം കരയ്ക്കെത്തിച്ചു. സി.പി.ഒ. ഹരികുമാർ, ഗാർഡുമാരായ ജോർജ്, ജയൻ, സ്രാങ്ക് സുരേഷ് എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
നൂറനാട് പാറ്റൂർ ശ്രീബുദ്ധ കോളേജ് ഓഫ് എൻജിനീയറിങ്ങിലെ രണ്ടാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയായിരുന്നു ദേവദത്ത്. തിങ്കളാഴ്ച രാവിലെ 9.15ഓടെയാണ് പരീക്ഷയ്ക്കായി വീട്ടിൽനിന്ന് പുറപ്പെട്ടത്. എന്നാൽ കോളേജിൽ എത്താതിരുന്നതിനെ തുടർന്ന് പിതാവ് ശ്രീകുമാർ നൂറനാട് പൊലീസിൽ പരാതി നൽകി.
പൊലീസ് നടത്തിയ അന്വേഷണത്തിൽ ദേവദത്ത് ഉപയോഗിച്ചിരുന്ന ഫോണിന്റെ ടവർ ലൊക്കേഷൻ അഴീക്കൽ ഭാഗത്താണെന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ വലിയഴീക്കൽ പാലത്തിൽ കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കോളേജിലേക്ക് കൊണ്ടുപോയ ബാഗും മൊബൈൽ ഫോണും കാറിനുള്ളിലുണ്ടായിരുന്നു.
പാലത്തിൽനിന്ന് കടലിലേക്ക് ചാടിയെന്നതിന് സ്ഥിരീകരണമില്ലാത്തതിനാൽ തിങ്കളാഴ്ച വിപുലമായ തിരച്ചിൽ നടത്തിയിരുന്നില്ല. ചൊവ്വാഴ്ച അഗ്നിരക്ഷാസേനയുടെ സ്കൂബാ സംഘമടക്കം തിരച്ചിൽ നടത്തുന്നതിനിടെയാണ് മത്സ്യത്തൊഴിലാളികൾ മൃതദേഹം കണ്ടെത്തിയത്.
അമ്മ ബിന്ധു നൂറനാട് സി.ബി.എം. ഹൈസ്കൂളിലെ അധ്യാപികയാണ്. സഹോദരി ദേവന.


