സാധുവായ ഇൻഷുറൻസ് ഇല്ലാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങൾക്ക് ഇനി ടോൾ പ്ലാസകളിൽ മുന്നറിയിപ്പ് ലഭിക്കും. ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾ തിരിച്ചറിയാനും ഉടമകൾക്ക് എസ്.എം.എസ്. വഴി അറിയിപ്പ് നൽകാനുമുള്ള സംവിധാനം നടപ്പാക്കാനൊരുങ്ങി ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ. ഇതിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള പദ്ധതി ഇതിനോടകം ആരംഭിച്ചതായാണ് റിപ്പോർട്ട്.
ഡൽഹിയിലെ അർബൻ എക്സ്റ്റൻഷൻ റോഡ് രണ്ടിലെ മുണ്ട്ക ടോൾ പ്ലാസയിലാണ് നിലവിൽ പുതിയ സംവിധാനത്തിന്റെ പരീക്ഷണം നടക്കുന്നത്. പദ്ധതി വിജയകരമായാൽ രാജ്യത്തെ മറ്റ് ടോൾ പ്ലാസകളിലേക്കും ഇത് വ്യാപിപ്പിക്കുമെന്നാണ് വിവരം. വാഹനങ്ങളുടെ വിവരങ്ങൾ ഉപയോഗിച്ചാണ് സംവിധാനം പ്രവർത്തിക്കുക.
നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററിന്റെ വാഹന ഡാറ്റാബേസിലുള്ള രജിസ്ട്രേഷൻ വിവരങ്ങളും ഇൻഷുറൻസ് രേഖകളും പരിശോധിച്ചായിരിക്കും വാഹനത്തിന്റെ പോളിസിയുടെ സാധുത ഉറപ്പാക്കുക. ഒരു വാഹനം ടോൾ പ്ലാസയിൽ എത്തുമ്പോൾ തന്നെ ഇൻഷുറൻസ് കാലാവധി കഴിഞ്ഞിട്ടുണ്ടോയെന്ന് സംവിധാനം പരിശോധിച്ച് മുന്നറിയിപ്പ് നൽകും.
ഇൻഷുറൻസ് കാലാവധി അവസാനിച്ച വാഹനങ്ങളുടെ ഉടമകൾക്ക് ഏതാനും മിനിറ്റുകൾക്കുള്ളിൽ എസ്.എം.എസ്. ലഭിക്കും. വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ, ടോൾ പ്ലാസ കടന്ന തീയതിയും സമയവും, ഇൻഷുറൻസ് കാലാവധി അവസാനിച്ച തീയതി തുടങ്ങിയ വിവരങ്ങൾ സന്ദേശത്തിലുണ്ടാകും. പിഴ ഒഴിവാക്കാനും ഇൻഷുറൻസ് പുതുക്കാനും വാഹന ഉടമകൾക്ക് ഇതിലൂടെ അവസരം ലഭിക്കും.
മോട്ടോർ വാഹന നിയമപ്രകാരം നിരത്തിലോടുന്ന എല്ലാ വാഹനങ്ങൾക്കും കുറഞ്ഞത് തേർഡ് പാർട്ടി ഇൻഷുറൻസ് നിർബന്ധമാണ്. ഇൻഷുറൻസ് ഇല്ലാതെ ആദ്യമായി പിടിക്കപ്പെട്ടാൽ അടിസ്ഥാന പ്രീമിയത്തിന്റെ മൂന്നിരട്ടിയോ 5,000 രൂപയോ, ഇതിൽ ഏതാണ് കൂടുതലെങ്കിൽ അതാണ് പിഴയായി ഈടാക്കുക. കുറ്റം ആവർത്തിച്ചാൽ അടിസ്ഥാന പ്രീമിയത്തിന്റെ അഞ്ചിരട്ടിയോ 10,000 രൂപയോ, ഇതിൽ ഉയർന്ന തുക പിഴയായി നൽകേണ്ടിവരും.


