ന്യൂഡൽഹി: മന്ത്രിസഭാ യോഗത്തിൽ മന്ത്രിമാർ മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉന്നയിച്ചെന്ന വാർത്തകളോട് പ്രതികരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ മാത്രമാണിതെന്നും ഗുരുവായൂർ ദേവസ്വം നിയമനവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാർത്തകൾ പച്ചക്കള്ളമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ദില്ലിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുരുവായൂർ ദേവസ്വം ബോർഡ് നിയമനത്തിൽ മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനമെടുത്തുവെന്ന വാർത്ത തെറ്റാണെന്ന് സതീശൻ വ്യക്തമാക്കി. ജിഎൻഎ കരാറിൽ നിന്ന് സർക്കാർ പിൻവാങ്ങിയെന്ന വാർത്തയും അടിസ്ഥാനരഹിതമാണ്. കരാർ നൽകിയിട്ടില്ലാത്ത സാഹചര്യത്തിൽ അതിൽനിന്ന് പിൻവാങ്ങിയെന്ന ആരോപണത്തിന് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. ജിഎൻഎ കരാറുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളും പച്ചക്കള്ളമാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മന്ത്രിസഭാ യോഗത്തിൽ അഭിപ്രായവ്യത്യാസങ്ങളും തർക്കങ്ങളും ഉണ്ടായെന്ന വാർത്തകളെക്കുറിച്ചുള്ള ചോദ്യത്തിന്, ഇത് വിധേയരുടെ ക്യാബിനറ്റല്ലെന്നും പിണറായിയുടെ ക്യാബിനറ്റല്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഉന്നത വിദ്യാഭ്യാസ ബില്ലാണ് പ്രധാനമായും ചർച്ചയായത്. മുൻ സർക്കാരിന്റെ കാലത്ത് എത്രത്തോളം ചർച്ചകൾ നടന്നിരുന്നുവെന്നും അദ്ദേഹം ചോദിച്ചു.
മന്ത്രിമാർക്ക് വ്യത്യസ്ത അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അത്തരം അഭിപ്രായങ്ങളെ തള്ളിപ്പറയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എല്ലാവരുടെയും അഭിപ്രായങ്ങൾ കേൾക്കും. ചർച്ചകളിലൂടെ തീരുമാനങ്ങളിലെത്തുകയാണ് സർക്കാരിന്റെ രീതിയെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് സർക്കാർ അധികാരത്തിലെത്തി ആറുമാസത്തിനിടെ നിരവധി ക്ഷേമപദ്ധതികൾ നടപ്പാക്കിയതായും മുഖ്യമന്ത്രി അവകാശപ്പെട്ടു. പ്രിയദർശനി പദ്ധതിയും വയോജന ക്ഷേമവുമായി ബന്ധപ്പെട്ട നടപടികളും സർക്കാരിന്റെ നേട്ടങ്ങളായി അദ്ദേഹം ചൂണ്ടിക്കാട്ടി. കിഫ്ബിയെക്കുറിച്ച് പഠനം നടത്തിയെന്നും മിഷൻ സമുദ്രയ്ക്കായി നിയമനടപടികൾ സ്വീകരിച്ചെന്നും വ്യക്തമാക്കി.
പരമാവധി കേന്ദ്രസർക്കാർ ഫണ്ട് നേടിയെടുക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഭിന്നശേഷിക്കാർക്കായി പ്രത്യേക പദ്ധതി ഡിസംബറിൽ ആരംഭിക്കും. ജനങ്ങൾക്ക് നൽകിയ എല്ലാ വാഗ്ദാനങ്ങളും നടപ്പാക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.
വലിയ സർവകലാശാലകളെ കേരളത്തിലേക്ക് എത്തിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. നൂറുദിവസത്തിനുള്ളിൽ 588 പദ്ധതികൾ പ്രഖ്യാപിച്ചതിൽ 568 പദ്ധതികൾ ഇതിനകം നടപ്പാക്കിയെന്നും വി.ഡി. സതീശൻ പറഞ്ഞു.


