ആലപ്പുഴ: ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ വീട്ടമ്മ മരിച്ചു. കൊല്ലം ചവറ തെക്കേക്കര സ്വദേശിനി ഉദയലക്ഷ്മി (42) ആണ് മരിച്ചത്. ചികിത്സാപ്പിഴവാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. എന്നാൽ ശസ്ത്രക്രിയയിൽ പിഴവ് സംഭവിച്ചിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
തൈറോയ്ഡ് ഗ്രന്ഥിയിൽ കാൻസർ കണ്ടെത്തിയതിനെ തുടർന്ന് ഈ മാസം 16നാണ് ഉദയലക്ഷ്മിക്ക് ശസ്ത്രക്രിയ നടത്തിയത്. വെൺമണിയിലെ സഞ്ജീവനി ആശുപത്രിയിലായിരുന്നു ചികിത്സ. ശസ്ത്രക്രിയയിലൂടെ തൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്തിരുന്നു. തുടർന്ന് ശ്വസനം സുഗമമാക്കുന്നതിനായി ട്രാക്കിയോസ്റ്റമി ചെയ്യാൻ തീരുമാനിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ ഇതിനായി നടപടികൾ ആരംഭിച്ചു. എന്നാൽ ഒരു മണിയോടെ ഉദയലക്ഷ്മി മരിക്കുകയായിരുന്നു.
ട്രാക്കിയോസ്റ്റമിക്ക് തൊട്ടുമുമ്പ് വരെ സംസാരിക്കുകയും സാധാരണ നിലയിൽ പെരുമാറുകയും ചെയ്തിരുന്ന രോഗി പെട്ടെന്ന് മരിച്ചതാണ് ബന്ധുക്കളിൽ സംശയമുണ്ടാക്കിയത്. സംഭവത്തിൽ ചികിത്സാപ്പിഴവ് ഉണ്ടായിട്ടുണ്ടോയെന്നാണ് ബന്ധുക്കളുടെ ആരോപണം. അതേസമയം, ചികിത്സയിലോ ശസ്ത്രക്രിയയിലോ പിഴവ് സംഭവിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.


