കൊല്ലം: റേഷൻ കട ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ട പ്രതിയെ മണിക്കൂറുകൾക്കകം പൊലീസ് പിടികൂടി. കുളത്തൂപ്പുഴ സ്വദേശി വിൽസൺ (65) ആണ് പിടിയിലായത്. കടയ്ക്കൽ വയലായിൽ റേഷൻ കട നടത്തി വന്നിരുന്ന അനിൽകുമാർ (62) ആണ് കൊല്ലപ്പെട്ടത്.
റേഷൻ കടയ്ക്കുള്ളിൽ വെച്ചാണ് അനിൽകുമാറിനെ പ്രതി കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ പ്രതി സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. വിവരം ലഭിച്ച ഉടൻ കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവി ഷാജി സുഗുണന്റെ നിർദേശപ്രകാരം കൊട്ടാരക്കര ഡിവൈഎസ്പി ഷെരീഫിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.
കൊലപാതകത്തിന് ശേഷം മൊബൈൽ ഫോൺ ഓഫ് ചെയ്ത പ്രതി പത്തനാപുരത്തുനിന്ന് മാനന്തവാടിയിലേക്കുള്ള ബസിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ കൂത്താട്ടുകുളത്ത് വെച്ച് കടയ്ക്കൽ പൊലീസ് ഇയാളെ പിടികൂടി.
സാമ്പത്തിക തർക്കങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കടയ്ക്കൽ എസ്.എച്ച്.ഒ ജ്യോതിഷ് ചിറവൂരിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.


