കോഴിക്കോട്: നവംബർ 23, 24 തീയതികളിൽ നിശ്ചയിച്ചിരുന്ന വിദേശയാത്ര റദ്ദാക്കി തദ്ദേശവകുപ്പ് മന്ത്രി കെ.എം. ഷാജി. മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് യാത്ര റദ്ദാക്കിയതെന്നാണ് വിവരം. മോസ്കോയിൽ നടക്കുന്ന അന്താരാഷ്ട്ര മുനിസിപ്പൽ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി കേന്ദ്ര സർക്കാരിൽ നിന്ന് മന്ത്രിക്ക് രാഷ്ട്രീയ അനുമതി ലഭിച്ചിരുന്നു. മുഖ്യമന്ത്രിക്കായിരുന്നു പരിപാടിയിലേക്ക് ക്ഷണം ലഭിച്ചിരുന്നത്. തുടർന്ന് അദ്ദേഹത്തിന് പകരം പങ്കെടുക്കാൻ കെ.എം. ഷാജിയെ നിയോഗിക്കുകയായിരുന്നു.
റഷ്യൻ സർക്കാരിന്റെ പിന്തുണയോടെ റോസ്കോൺഗ്രസ് ഫൗണ്ടേഷനാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. മോസ്കോയിലെ റഷ്യൻ ഇന്റർനാഷണൽ സെന്ററിൽ നടക്കുന്ന പരിപാടിയുടെ ഈ വർഷത്തെ വിഷയം ‘സുസ്ഥിര നഗരപരിവർത്തനം: ആഗോള വെല്ലുവിളികളെ നേരിടൽ’ എന്നതാണ്.
നേരത്തെ ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ പ്രാഗിലേക്കുള്ള യാത്ര മന്ത്രി കെ.എം. ഷാജി മറച്ചുവെച്ചതുമായി ബന്ധപ്പെട്ട് വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. യാത്രയുടെ വിവരങ്ങൾ പുറത്തുപറയാതിരുന്നതിന്റെ കാരണവും മന്ത്രി വ്യക്തമാക്കിയിരുന്നില്ല. പ്രാഗിൽ മന്ത്രിക്കൊപ്പം വിവാദ മദ്യവ്യാപാരി ജോൺ സേവ്യറും ഉണ്ടായിരുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. നിരവധി തട്ടിപ്പ് കേസുകളിൽ പ്രതിയാണ് ജോൺ സേവ്യർ. വ്യാജരേഖാ തട്ടിപ്പ് കേസ് പ്രതിയായ ടോം ജോസഫും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അനുമതിയില്ലാതെ മന്ത്രി വിദേശയാത്ര നടത്തിയെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന വിമർശനം. ഇത് ഗുരുതരമായ ചട്ടലംഘനമാണെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. ഈ വിവാദങ്ങൾക്കിടെയാണ് മന്ത്രിയുടെ പുതിയ വിദേശയാത്ര റദ്ദാക്കിയിരിക്കുന്നത്.


