പാലക്കാട്: മണ്ണാർക്കാട് ഒരു കുടുംബത്തിലെ അഞ്ച് പേരെ വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തി. രണ്ട് സഹോദരിമാരും മൂന്ന് കുട്ടികളുമാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ഇവരുടെ ആരോഗ്യനില അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു.
മണ്ണാർക്കാട് പെരുമ്പടാരി സ്വദേശികളാണ് ഇവർ. ഷിഫാനത്തും സഹോദരിയും വീട്ടിൽനിന്ന് മാറി ചങ്ങലങ്ങീരി നായാടിക്കുന്നിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഷിഫാനത്ത് ഭർത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്നെങ്കിലും വിവാഹമോചനം നേടിയിരുന്നില്ല.
ഇവരുടെ സഹോദരനും മാതാവും കുടുംബവീട്ടിലാണ് താമസിക്കുന്നത്. അഞ്ച് പേരുടെയും ശരീരത്തിൽ എങ്ങനെയാണ് വിഷം എത്തിയതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ആശുപത്രിയിൽ കഴിയുന്നവരുടെ ആരോഗ്യനില മെച്ചപ്പെട്ട ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)


