പത്തനംതിട്ട: മോഷണം നടത്താൻ ലക്ഷ്യമിട്ട് ബസിൽ വേഷം മാറി യാത്ര ചെയ്ത രണ്ട് തമിഴ്‌നാട് സ്വദേശിനികളെ റാന്നി പൊലീസ് പിടികൂടി. കൊയമ്പത്തൂർ കൊഴിഞ്ഞമ്പാറ സ്വദേശിനി പാർവതി, തൂത്തുക്കുടി അണ്ണാനഗർ സ്വദേശിനി ഗീത എന്നിവരാണ് പിടിയിലായത്.
ഇന്ന് ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം. കോഴഞ്ചേരിയിൽ നിന്ന് റാന്നിയിലേക്ക് സർവീസ് നടത്തിയ സ്വകാര്യ ബസിലാണ് ഇരുവരും കയറിയത്. യാത്രയ്ക്കിടെ ബസിനുള്ളിൽ വെച്ച് വസ്ത്രം മാറുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടു. യുവതികളുടെ പെരുമാറ്റത്തിലും സംശയം തോന്നിയതോടെ ജീവനക്കാർ വിവരം റാന്നി സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ ഷിന്റോയെ അറിയിച്ചു.
തുടർന്ന് റാന്നി ഡിവൈഎസ്പി ജി. സന്തോഷ് കുമാറിന്റെ നിർദേശപ്രകാരം എസ്.ഐ സിബിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം റാന്നി പൊലീസ് സ്റ്റേഷന് മുന്നിൽ വെച്ച് ബസ് തടഞ്ഞു. തുടർന്ന് ഇരുവരെയും കസ്റ്റഡിയിലെടുത്തു.
വനിതാ പൊലീസിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിൽ ഒരാളുടെ അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 21,000 രൂപ കണ്ടെത്തി. ശബരിമല തീർത്ഥാടകരെ ലക്ഷ്യമിട്ടാണ് ഇരുവരും മോഷണത്തിനെത്തിയതെന്നാണ് പൊലീസിന്റെ സംശയം. വിവിധ മോഷണക്കേസുകളിൽ പ്രതികളാണ് ഇവരെന്നും പൊലീസ് അറിയിച്ചു.
പൊലീസിന്റെ ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ഇരുവരും വിവിധ സ്ഥലങ്ങളിലായി പത്തോളം മോഷണക്കേസുകളിൽ പ്രതികളാണെന്ന് കണ്ടെത്തി. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ റിമാൻഡ് അപേക്ഷയോടെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.



