മലപ്പുറം: സംസ്ഥാനത്ത് പ്രായപൂർത്തിയാകാതെ വാഹനമോടിച്ചതിന് പിടിയിലായവരിൽ പകുതിയോളം പേരും മലപ്പുറം ജില്ലയിൽ നിന്നുള്ളവർ. നവംബർ 2 മുതൽ 8 വരെ പൊലീസ് നടത്തിയ പ്രത്യേക പരിശോധനയിലാണ് ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവന്നത്.
ഒരാഴ്ചയ്ക്കിടെ മലപ്പുറം ജില്ലയിൽ മാത്രം 220 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. സംസ്ഥാനത്തെ 20 പൊലീസ് ജില്ലകളിലായി ആകെ 99,181 വാഹനങ്ങൾ പരിശോധിച്ചു. ഇതിൽ പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ചതുമായി ബന്ധപ്പെട്ട് 453 കേസുകൾ കണ്ടെത്തി.
കൊല്ലം ജില്ലയിൽ 59 കേസുകളും കണ്ണൂർ സിറ്റിയിൽ 48 കേസുകളും റിപ്പോർട്ട് ചെയ്തു. ഏറ്റവും കൂടുതൽ വാഹനങ്ങൾ പരിശോധിച്ചത് കൊച്ചി നഗരത്തിലാണ്. 10,961 വാഹനങ്ങൾ പരിശോധിച്ചെങ്കിലും ഇവിടെ മൂന്ന് നിയമലംഘനങ്ങൾ മാത്രമാണ് കണ്ടെത്തിയത്.
കൊച്ചി ചേരാനല്ലൂരിൽ 17കാരൻ ഓടിച്ച ആഡംബര കാർ ഇടിച്ച് 55കാരൻ മരിച്ച സംഭവത്തിന് പിന്നാലെയാണ് സംസ്ഥാനത്തുടനീളം പരിശോധന ശക്തമാക്കിയത്. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനം ഓടിക്കാൻ നൽകുന്ന രക്ഷിതാക്കൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി മുന്നറിയിപ്പ് നൽകി. നിയമം ലംഘിക്കുന്ന കുട്ടികൾക്കും വാഹന ഉടമകൾക്കുമെതിരെ നിയമനടപടി സ്വീകരിക്കും.


