കൽപ്പറ്റ: ഹാഷിഷ് ഓയിൽ പിടികൂടിയ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനിടെ നാടകീയ രംഗങ്ങൾ. എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ദീർഘദൂര ഓട്ടക്കാരൻ കൂടിയായ എക്സൈസ് ഉദ്യോഗസ്ഥൻ മിനിറ്റുകളോളം പിന്തുടർന്ന് പിടികൂടി. സംഭവത്തിൽ രണ്ട് പേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.
പടിഞ്ഞാറത്തറയിലെ ഒരു വീട്ടിൽ നിന്ന് കഴിഞ്ഞ മാസം 15ന് 323 ഗ്രാം ഹാഷിഷ് ഓയിലും 1.362 ഗ്രാം മെത്താംഫിറ്റമിനും പിടികൂടിയിരുന്നു. ഈ കേസിലെ പ്രധാന പ്രതിയായ പടിഞ്ഞാറത്തറ വാരാമ്പറ്റ സ്വദേശി എ.കെ. സുബൈർ (36) ആണ് പിടിയിലായത്.
കോഴിക്കോട് കൊയിലാണ്ടിയിലെ ക്വാർട്ടേഴ്സിൽ ഒളിവിൽ കഴിയുകയായിരുന്ന സുബൈറിനെ പിടികൂടാനെത്തിയപ്പോഴാണ് സംഭവം. എക്സൈസ് സംഘത്തെ കണ്ടതോടെ സുബൈർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. സംഘത്തിലുണ്ടായിരുന്ന ദീർഘദൂര ഓട്ടക്കാരനായ ഉദ്യോഗസ്ഥൻ ഒ. ഷാഫി പിന്നാലെ ഓടി മിനിറ്റുകൾക്കകം ഇയാളെ പിടികൂടുകയായിരുന്നു.
പ്രതിക്ക് ഒളിത്താവളം ഒരുക്കിക്കൊടുത്ത സുഹൃത്തായ പടിഞ്ഞാറത്തറ തെങ്ങുമുണ്ട സ്വദേശി ഷിയാസ് മുസ്തഫ (27) യെയും അറസ്റ്റ് ചെയ്തു. ഇരുവരും മുമ്പും മയക്കുമരുന്ന് കേസുകളിൽ പ്രതികളായിരുന്നുവെന്ന് എക്സൈസ് അറിയിച്ചു. സുബൈറിനെ മെത്താംഫിറ്റമിനുമായും ഷിയാസ് മുസ്തഫയെ എംഡിഎംഎയുമായും നേരത്തെ പിടികൂടിയിട്ടുണ്ട്.
കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി. ഷറഫുദ്ദീൻ, എക്സൈസ് ഇൻസ്പെക്ടർ സൻഫീർ മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ മാനന്തവാടി സബ് ജയിലിൽ റിമാൻഡ് ചെയ്തു.


