ന്യൂഡൽഹി: വാഹനങ്ങളുടെ പുകപരിശോധനാ സർട്ടിഫിക്കറ്റിന്റെ കാലാവധി സംബന്ധിച്ച ചട്ടങ്ങളിൽ മാറ്റം വരുത്തി കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം. വാഹനങ്ങളുടെ പഴക്കം, വിഭാഗം, മലിനീകരണ നിയന്ത്രണ നിലവാരം എന്നിവ പരിഗണിച്ചാണ് പുതിയ കാലാവധി നിശ്ചയിച്ചിരിക്കുന്നത്. നവംബർ 13-ന് പുറത്തിറക്കിയ വിജ്ഞാപനപ്രകാരം ബിഎസ്-6 വിഭാഗത്തിലുള്ള പുതിയ വാഹനങ്ങൾക്ക് പുകപരിശോധനാ സർട്ടിഫിക്കറ്റിന് മൂന്ന് വർഷം വരെ കാലാവധി ലഭിക്കും. വാഹനത്തിന്റെ ആദ്യ രജിസ്ട്രേഷൻ തീയതി അടിസ്ഥാനമാക്കിയാണ് പഴക്കം കണക്കാക്കുന്നത്.
പുതുക്കിയ ചട്ടങ്ങൾ ഇങ്ങനെ:
ബിഎസ്-6 സ്വകാര്യ വാഹനങ്ങൾ
ആദ്യ രജിസ്ട്രേഷൻ മുതൽ ആറ് വർഷം വരെ പഴക്കമുള്ള വാഹനങ്ങൾക്ക് പുകപരിശോധനാ സർട്ടിഫിക്കറ്റിന് മൂന്ന് വർഷത്തെ കാലാവധിയുണ്ടാകും. ആറ് വർഷത്തിന് മുകളിൽ പത്ത് വർഷത്തിൽ താഴെ പഴക്കമുള്ള വാഹനങ്ങൾ ഓരോ വർഷവും സർട്ടിഫിക്കറ്റ് പുതുക്കണം. പത്ത് വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾ ആറുമാസത്തിലൊരിക്കൽ പരിശോധന നടത്തി സർട്ടിഫിക്കറ്റ് നേടണം.
ബിഎസ്-6 വാണിജ്യ വാഹനങ്ങൾ
ആറ് വർഷം വരെ പഴക്കമുള്ള വാഹനങ്ങൾക്ക് രണ്ട് വർഷത്തിലൊരിക്കൽ പുകപരിശോധന നടത്തിയാൽ മതിയാകും. ആറ് വർഷത്തിന് മുകളിൽ പത്ത് വർഷത്തിൽ താഴെ പഴക്കമുള്ള വാഹനങ്ങൾ വർഷത്തിലൊരിക്കൽ സർട്ടിഫിക്കറ്റ് പുതുക്കണം. പത്ത് വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾക്ക് ആറുമാസത്തിലൊരിക്കൽ പരിശോധന നിർബന്ധമാണ്.
ബിഎസ്-1, ബിഎസ്-2, ബിഎസ്-3 വാഹനങ്ങൾ
ഈ വിഭാഗങ്ങളിൽപ്പെടുന്ന എല്ലാ വാഹനങ്ങളും മൂന്ന് മാസത്തിലൊരിക്കൽ പുകപരിശോധന നടത്തി സാധുവായ സർട്ടിഫിക്കറ്റ് കൈവശംവെക്കണം.
ബിഎസ്-4 വാഹനങ്ങൾ
ബിഎസ്-4 വിഭാഗത്തിലുള്ള വാഹനങ്ങൾ ആറുമാസത്തിലൊരിക്കൽ പുകപരിശോധന നടത്തി സർട്ടിഫിക്കറ്റ് പുതുക്കണം.
നിലവിലുള്ള സർട്ടിഫിക്കറ്റുകൾക്ക് പുതിയ കാലാവധി എപ്പോൾ മുതൽ?
പുതിയ ചട്ടങ്ങൾ പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് എടുത്തിട്ടുള്ള പുകപരിശോധനാ സർട്ടിഫിക്കറ്റുകൾക്ക് ആദ്യമായി പുതുക്കിയ ശേഷമായിരിക്കും പുതിയ കാലാവധി ബാധകമാകുക.
നിലവിലുള്ള സർട്ടിഫിക്കറ്റിന്റെ കാലാവധി അവസാനിക്കുന്നതിന് പത്ത് ദിവസം മുമ്പുള്ള സമയപരിധിക്കുള്ളിൽ പുതുക്കുകയാണെങ്കിൽ, പഴയ സർട്ടിഫിക്കറ്റിന്റെ കാലാവധി അവസാനിക്കുന്ന തീയതി മുതലായിരിക്കും പുതിയ സർട്ടിഫിക്കറ്റിന് പ്രാബല്യം ലഭിക്കുക.
എന്നാൽ കാലാവധി അവസാനിച്ചതിന് ശേഷമാണ് സർട്ടിഫിക്കറ്റ് പുതുക്കുന്നതെങ്കിൽ, പുതുക്കുന്ന തീയതി മുതലായിരിക്കും പുതിയ സർട്ടിഫിക്കറ്റിന്റെ കാലാവധി കണക്കാക്കുക.


