തിരുവനന്തപുരം: ബാലരാമപുരം പൊലീസ് സ്റ്റേഷനിലെ റൗഡി പട്ടികയിൽ ഉൾപ്പെട്ട ഗുണ്ടയെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്തു. പുന്നയ്ക്കാട് പറയരുകോണത്ത് മേലെ പുതുവൽപുത്തൻ വീട്ടിൽ ജംബുലിംഗം എന്നറിയപ്പെടുന്ന സുരേഷ് (44) ആണ് അറസ്റ്റിലായത്.
തിരുവനന്തപുരം ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി വധശ്രമം ഉൾപ്പെടെ നിരവധി കേസുകൾ സുരേഷിനെതിരെയുണ്ട്. 12 വർഷത്തെ ജയിൽശിക്ഷ അനുഭവിച്ച ശേഷവും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനെ തുടർന്നാണ് ഇയാൾക്കെതിരെ കാപ്പ നിയമപ്രകാരം നടപടിയെടുത്തത്.
തിരുവനന്തപുരം ജില്ലാ കളക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ജില്ലാ റൂറൽ പൊലീസ് മേധാവി പ്രശാന്തൻ കാണിയുടെ നിർദേശപ്രകാരം നെയ്യാറ്റിൻകര ഡിവൈഎസ്പി സ്റ്റുവർട്ട് കീലറുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഒരു മാസം മുമ്പ് മറ്റൊരു കേസിൽ ബാലരാമപുരം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ജയിൽവാസത്തിന് ശേഷം പുറത്തിറങ്ങിയതോടെയാണ് വീണ്ടും കാപ്പ നിയമപ്രകാരം നടപടി സ്വീകരിച്ചത്.



