തിരുവനന്തപുരം: ബിജെപി വിട്ട പത്മജ വേണുഗോപാലിനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ലീഡറുടെ മകൾക്ക് കോൺഗ്രസിലേക്ക് സ്വാഗതമെന്ന് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. പത്മജ ബിജെപി വിട്ടത് നല്ല തീരുമാനമാണെന്നും കോൺഗ്രസിലേക്ക് മടങ്ങിവരാനാണ് അവർ ആഗ്രഹിക്കുന്നതെന്നാണ് മനസിലാക്കുന്നതെന്നും സണ്ണി ജോസഫ് പറഞ്ഞു. പത്മജയുടെ മടങ്ങിവരവിനെ പൂർണമായും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, പത്മജയുടെ രാജിയിൽ പ്രതികരിക്കേണ്ടത് ബിജെപി സംസ്ഥാന നേതൃത്വമാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. പത്മജയെ ബിജെപിയിലേക്ക് കൊണ്ടുവന്നത് താനല്ലെന്നും അതിനാൽ രാജിയെക്കുറിച്ച് മറുപടി പറയേണ്ടത് താനല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പത്മജയുടെ രാജി നിർഭാഗ്യകരമാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ കെ.കെ. അനീഷ് കുമാർ പ്രതികരിച്ചു. പത്മജയുമായി സ്നേഹോഷ്മളമായ ബന്ധമാണുള്ളതെന്നും അവർ തന്നോട് പരാതികളൊന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, പത്മജയുടെ രാജി ബിജെപിയെ ബാധിക്കില്ലെന്നും അനീഷ് കുമാർ കൂട്ടിച്ചേർത്തു.
ബിജെപി വിട്ട് പത്മജ വേണുഗോപാൽ
ഏഷ്യാനെറ്റ് ന്യൂസിലൂടെയാണ് ബിജെപിയിൽനിന്നുള്ള രാജി പത്മജ ആദ്യമായി വെളിപ്പെടുത്തിയത്. ബിജെപിയുടെ ആശയങ്ങളുമായി ഒത്തുപോകാനാകില്ലെന്നും തെറ്റ് തിരുത്തുകയാണെന്നുമായിരുന്നു അവരുടെ പ്രതികരണം. പദവി ലഭിക്കാത്തതല്ല രാജിക്ക് കാരണമെന്നും വ്യക്തിപരമായ കാരണങ്ങളാലാണ് തീരുമാനമെടുത്തതെന്നും പത്മജ വ്യക്തമാക്കി.
ബിജെപി വിടുന്ന കാര്യം ആദ്യം അറിയിച്ചത് കെ. മുരളീധരനെയാണെന്നും അവർ പറഞ്ഞു. കോൺഗ്രസിൽ പദവി ലഭിക്കുമെന്ന പ്രതീക്ഷയിലല്ല രാജിവച്ചതെന്നും ആരുമായും തർക്കത്തിനില്ലെന്നും പത്മജ കൂട്ടിച്ചേർത്തു.




