കൊച്ചി: ബിജെപിയുടെ പ്രത്യയശാസ്ത്രവുമായി യോജിച്ചുപോകാൻ സാധിക്കാത്തതാണ് പാർട്ടിയിൽ നിന്ന് രാജിവെക്കാനുള്ള പ്രധാന കാരണമെന്ന് പത്മജ വേണുഗോപാൽ. താൻ ആരാധിക്കുന്ന നേതാക്കളും ബിജെപി ഉയർത്തിപ്പിടിക്കുന്ന നേതാക്കളും വ്യത്യസ്തരാണെന്നും അത് മാനസികമായി ഏറെ ബുദ്ധിമുട്ടുണ്ടാക്കിയെന്നും പത്മജ വ്യക്തമാക്കി. കോൺഗ്രസിലേക്ക് തിരിച്ചുപോകുമോ എന്ന ചോദ്യത്തിന് ഇതുവരെ അത്തരമൊരു തീരുമാനം എടുത്തിട്ടില്ലെന്നായിരുന്നു മറുപടി.
വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെയുള്ള നേതാക്കൾ തന്നോട് വളരെ നല്ല രീതിയിലാണ് പെരുമാറിയതെന്നും പത്മജ പറഞ്ഞു.
‘അവരുടെ പ്രത്യയശാസ്ത്രവുമായി എനിക്ക് ചേർന്നുപോകാൻ സാധിക്കുന്നില്ല. അത് എന്റെ തെറ്റ് തന്നെയാണ്. ഞാൻ വളർന്നുവന്ന രീതിയും അവരുടെ രീതിയും രണ്ടാണ്. ഞാൻ ആരാധിക്കുന്നവരെയല്ല അവർ ആരാധിക്കുന്നത്. കുട്ടിക്കാലം മുതൽ എതിർത്ത് കേട്ട പേരുകളൊക്കെയാണ് അവരുടെ നേതാക്കൾ. ഇതെല്ലാം എനിക്ക് ഏറെ ബുദ്ധിമുട്ടായി തോന്നി. ഇപ്പോൾ രാജിവെച്ചതല്ലേയുള്ളൂ, മറ്റൊന്നും തീരുമാനിച്ചിട്ടില്ല,’ പത്മജ വ്യക്തമാക്കി.
കഴിഞ്ഞ എട്ട് മാസത്തോളമായി ബിജെപി പരിപാടികളിൽ പങ്കെടുത്തിരുന്നില്ലെന്നും തന്റെ ബുദ്ധിമുട്ടുകൾ പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ അറിയിച്ചിരുന്നുവെന്നും പത്മജ വെളിപ്പെടുത്തി. രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ കാരണമാണ് കുറച്ചുകാലം കൂടി പാർട്ടിയിൽ തുടർന്നതെന്നും അദ്ദേഹം വിഷമങ്ങൾ മനസ്സിലാക്കി ആശ്വസിപ്പിച്ചിരുന്നുവെന്നും പത്മജ പറഞ്ഞു.
‘ഒരു മീനിനെ പിടിച്ച് കരയിലിട്ടതുപോലെയായിരുന്നു എന്റെ മനസ്. എന്നാൽ ഇപ്പോൾ മനസ് ശാന്തമായി. ബിജെപിയിൽ ചേരുന്ന സമയത്ത് ഒരു തരത്തിലുള്ള വാഗ്ദാനവും നൽകിയിരുന്നില്ല. കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ വന്ന വാർത്തകളിൽ പലതും വാസ്തവവിരുദ്ധമാണ്,’ എന്നും പത്മജ കൂട്ടിച്ചേർത്തു.
2024 മാർച്ചിലാണ് കോൺഗ്രസ് വിട്ട് പത്മജ വേണുഗോപാൽ ബിജെപിയിൽ ചേർന്നത്. 2025 മാർച്ചിൽ ബിജെപി ദേശീയ കൗൺസിൽ അംഗമായി നിയമിച്ചതൊഴിച്ചാൽ പാർട്ടിയിൽ മറ്റ് പ്രധാന പദവികളൊന്നും ലഭിച്ചിരുന്നില്ല. ഗവർണർ പദവി ലഭിക്കുമെന്ന തരത്തിൽ നേരത്തെ സൂചനകൾ ഉയർന്നിരുന്നെങ്കിലും അത് യാഥാർഥ്യമായിരുന്നില്ല. ഇതിനിടെ ബിജെപി നേതൃത്വവുമായി പത്മജ അകൽച്ചയിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, പത്മജ കോൺഗ്രസിലേക്ക് തിരിച്ചെത്തുമോയെന്ന ചർച്ചകളും രാഷ്ട്രീയ വൃത്തങ്ങളിൽ സജീവമാണ്. ചില നേതാക്കളുമായി ആശയവിനിമയം നടത്തിയെന്ന റിപ്പോർട്ടുകളുണ്ടെങ്കിലും മടങ്ങിവരവ് സംബന്ധിച്ച് ഔദ്യോഗിക ചർച്ചകൾ ആരംഭിച്ചിട്ടില്ലെന്നാണ് സൂചന.
കോൺഗ്രസ് വിട്ട സമയത്ത് സഹോദരനും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ. മുരളീധരനെതിരെ ഉൾപ്പെടെ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചിരുന്ന പത്മജയുടെ മടങ്ങിവരവ് പാർട്ടിക്കുള്ളിലും ചർച്ചയായേക്കും. തൃശൂരിലെ മുരളി മന്ദിരത്തിൽ ബിജെപി-ആർഎസ്എസ് പ്രവർത്തകർക്ക് പ്രവേശനം നൽകിയതും കോൺഗ്രസ് പ്രവർത്തകർക്കിടയിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
എന്നാൽ കോൺഗ്രസിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് പത്മജ ഇതുവരെ വ്യക്തമായ നിലപാട് പ്രഖ്യാപിച്ചിട്ടില്ല. ബിജെപി ബന്ധം അവസാനിപ്പിച്ച സാഹചര്യത്തിൽ പത്മജയുടെ അടുത്ത രാഷ്ട്രീയ നീക്കം എന്താകുമെന്നാണ് ഇനി ഉറ്റുനോക്കപ്പെടുന്നത്.


