തിരുവനന്തപുരം: വിഇഎച്ച് ഗ്ലോബലിൽ നിന്ന് യൂണിറ്റിന് 11 രൂപ നിരക്കിൽ വാങ്ങിയ വൈദ്യുതിക്ക് കേരളത്തിലെത്തിയപ്പോൾ വില 12.55 രൂപയായെന്ന് കെഎസ്ഇബി. വൈദ്യുതി കരാറുമായി ബന്ധപ്പെട്ട് റെഗുലേറ്ററി കമ്മീഷന് നൽകിയ വിശദീകരണത്തിലാണ് കെഎസ്ഇബി ഇക്കാര്യം വ്യക്തമാക്കിയത്.
വിഇഎച്ച് ഗ്ലോബലുമായുള്ള കരാർ പ്രകാരം ഒരു യൂണിറ്റ് വൈദ്യുതിക്ക് 11 രൂപയാണ് വില. എന്നാൽ വൈദ്യുതി കേരളത്തിലെത്തിക്കുന്നതിനുള്ള പ്രസരണ നിരക്കായി യൂണിറ്റിന് 1.55 രൂപ കൂടി നൽകേണ്ടി വന്നു. ഇതോടെയാണ് ആകെ വൈദ്യുതി വില 12.55 രൂപയായത്. പ്രസരണ നിരക്കിൽ മാത്രം കെഎസ്ഇബിക്ക് 92 ലക്ഷം രൂപയുടെ അധിക ബാധ്യതയുണ്ടായതായും വിശദീകരണത്തിൽ പറയുന്നു.
അതേസമയം, 11 രൂപ നിരക്കിൽ ട്രേഡിങ് മാർജിൻ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നാണ് കെഎസ്ഇബിയുടെ മറുപടി. വിഇഎച്ച് ഗ്ലോബലിന് വൈദ്യുതി വ്യാപാരം നടത്താനുള്ള ട്രേഡിങ് ലൈസൻസുണ്ടെന്ന് കരാറിൽ വ്യക്തമാക്കുന്നുണ്ടെങ്കിലും കമ്പനി ആ നിലയിലാണോ കരാറിൽ ഏർപ്പെട്ടതെന്ന ചോദ്യത്തിനും കെഎസ്ഇബി വ്യക്തമായ മറുപടി നൽകിയിട്ടില്ല.
കഴിഞ്ഞ ദിവസമാണ് വിഇഎച്ച് ഗ്ലോബലുമായുള്ള വൈദ്യുതി കരാറുമായി ബന്ധപ്പെട്ട് റെഗുലേറ്ററി കമ്മീഷൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് കെഎസ്ഇബി മറുപടി നൽകിയത്. എന്നാൽ കെഎസ്ഇബിയുടെ വിശദീകരണത്തിൽ അവ്യക്തതയുണ്ടെന്നാണ് കമ്മീഷന്റെ വിലയിരുത്തൽ.
കെഎസ്ഇബി നൽകിയ വിശദീകരണം വിശദമായി പരിശോധിച്ച ശേഷമായിരിക്കും കമ്മീഷൻ തുടർനടപടികൾ സ്വീകരിക്കുക. പൊതുതെളിവെടുപ്പ് പൂർത്തിയായതിന് ശേഷമേ കരാറിന് അനുമതി നൽകുന്ന കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകൂ.
അതേസമയം, ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെയുള്ള കാലയളവിലെ വൈദ്യുതി കരാറുകളും വൈദ്യുതി വാങ്ങുന്നതിനായി നടത്തിയ ടെൻഡറുകളും പുനഃപരിശോധിക്കാൻ കെഎസ്ഇബി എംഡി തീരുമാനിച്ചിട്ടുണ്ട്. വൈദ്യുതി വാങ്ങലുമായി ബന്ധപ്പെട്ട നടപടികൾ കൂടുതൽ പരിശോധനയ്ക്ക് വിധേയമാകുന്നതോടെ വിഇഎച്ച് ഗ്ലോബൽ കരാറിലും നിർണായക നീക്കങ്ങൾ ഉണ്ടായേക്കും.


