തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങൽ കച്ചേരി ജങ്ഷന് സമീപം വാഹന പരിശോധനയ്ക്കിടെ എംവിഡി ഉദ്യോഗസ്ഥനെ ഇടിച്ചുതെറിപ്പിക്കാൻ ശ്രമിച്ചതായി പരാതി. പരിശോധനയുടെ ഭാഗമായി വാഹനം തടഞ്ഞുനിർത്താൻ ശ്രമിച്ചപ്പോഴാണ് ഉദ്യോഗസ്ഥനെ ഇടിച്ചുതെറിപ്പിക്കാൻ ശ്രമിച്ചതെന്നാണ് എംവിഡിയുടെ വിശദീകരണം. ഇടിയുടെ ആഘാതത്തിൽ ഉദ്യോഗസ്ഥൻ കാറിന്റെ ബോണറ്റിന് മുകളിലേക്ക് തെറിച്ചുവീഴുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
അതേസമയം, സ്പീഡ് ബ്രേക്കർ പോലുള്ള സുരക്ഷാ സംവിധാനങ്ങളില്ലാതെ റോഡിന് നടുവിൽനിന്ന് ഉദ്യോഗസ്ഥൻ വാഹനത്തിന് കൈകാണിച്ചതിനെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനവും ഉയരുന്നുണ്ട്. വാഹനത്തിന്റെ നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടി പിഴ ചുമത്തിയിട്ടുണ്ട്. ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുമെന്നും എംവിഡി ഉദ്യോഗസ്ഥർ അറിയിച്ചു. ഇന്നലെ രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം.


