തിരുവനന്തപുരം: മന്ത്രിസഭാ യോഗത്തിലെ അഭിപ്രായ ഭിന്നതയ്ക്ക് പിന്നാലെ കോൺഗ്രസിൽ സൈബർ പോര് ശക്തമാകുന്നു. മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ വിമർശനം ഉന്നയിച്ച മന്ത്രിമാരായ സണ്ണി ജോസഫിനും എ.പി. അനിൽകുമാറിനുമെതിരെയാണ് സമൂഹമാധ്യമങ്ങളിൽ സൈബർ ആക്രമണം രൂക്ഷമായത്. ആക്രമണത്തിന് പിന്നിൽ പാർട്ടിയിലെ തന്നെ ഒരു വിഭാഗമാണെന്ന സംശയത്തിലാണ് കെ.സി. വേണുഗോപാൽ പക്ഷത്തെ നേതാക്കൾ.
നേരത്തെ മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉന്നയിച്ച അടൂർ പ്രകാശിനും അദ്ദേഹത്തെ പിന്തുണച്ച ജെബി മേത്തറിനുമെതിരെയും സമാനമായ രീതിയിൽ സൈബർ ആക്രമണം നടന്നിരുന്നു. മുഖ്യമന്ത്രി ചർച്ചകൾക്കിടെ കെ.സി. വേണുഗോപാലും സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങൾ നേരിട്ടിരുന്നു.
സൈബർ ആക്രമണങ്ങൾ ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്നാണ് കെ.സി. പക്ഷത്തെ ഒരു വിഭാഗം നേതാക്കളുടെ വിലയിരുത്തൽ. സംഭവത്തിൽ പരാതി നൽകുന്നതിൽ മാത്രം ഒതുങ്ങാതെ ശക്തമായ രാഷ്ട്രീയ പ്രതിഷേധം ഉയർത്താനാണ് നീക്കം. മന്ത്രിസഭാ യോഗത്തിലെ ചർച്ചകൾ ചോർത്തുന്നത് തങ്ങളാണെന്ന പ്രതീതി സൃഷ്ടിക്കാനും പാർട്ടിയിലെ ഒരു വിഭാഗത്തെ മോശക്കാരായി ചിത്രീകരിക്കാനും ശ്രമം നടക്കുന്നുവെന്നാണ് ഇവരുടെ ആരോപണം.
കഴിഞ്ഞ ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ചർച്ചയില്ലാതെ തീരുമാനങ്ങൾ എടുക്കുന്നതിനെതിരെ മന്ത്രിമാർ മുഖ്യമന്ത്രിയെ ചോദ്യം ചെയ്തത്. ഇനിമുതൽ കൂടിയാലോചനകളില്ലാതെ തീരുമാനങ്ങൾ എടുക്കാൻ കഴിയില്ലെന്നായിരുന്നു കെ.സി. പക്ഷത്തിന്റെ നിലപാട്. ഇതിനെ പിന്തുണച്ച സണ്ണി ജോസഫ്, സർക്കാർ തീരുമാനങ്ങൾ ഏകപക്ഷീയമാകരുതെന്നും വ്യക്തമാക്കി.
അതേസമയം, കഴിഞ്ഞ ആറുമാസത്തിനിടെ സർക്കാർ കൈവരിച്ച നേട്ടങ്ങൾ അവഗണിച്ച് ഇത്തരം തർക്കങ്ങൾ ഉയർത്തുന്നത് സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നാണ് വി.ഡി. സതീശൻ പക്ഷത്തിന്റെ നിലപാട്. മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മന്ത്രി കെ. മുരളീധരനും രംഗത്തെത്തിയിരുന്നു.
മന്ത്രിസഭാ യോഗത്തിലെ അഭിപ്രായ ഭിന്നത ഇപ്പോൾ കോൺഗ്രസിനുള്ളിലെ വിഭാഗീയ പോരിലേക്കും സൈബർ ആക്രമണ ആരോപണങ്ങളിലേക്കും നീങ്ങുന്നത് പാർട്ടിയിൽ പുതിയ രാഷ്ട്രീയ പ്രതിസന്ധിക്ക് വഴിയൊരുക്കുകയാണ്.


