ആലപ്പുഴ: ഗവർണർ പദവി ഒഴിഞ്ഞതിന് പിന്നാലെ വീണ്ടും അഭിഭാഷക വൃത്തിയിലേക്ക് തിരിച്ചെത്തി ബിജെപി നേതാവ് പി.എസ്. ശ്രീധരൻപിള്ള. ആലപ്പുഴ സെഷൻസ് കോടതിയിൽ ഷാൻ വധക്കേസിലെ പ്രതികൾക്കുവേണ്ടിയാണ് അദ്ദേഹം ഹാജരായത്. ഗവർണർ സ്ഥാനം ഒഴിഞ്ഞശേഷം അഭിഭാഷകവൃത്തിയിലേക്ക് മടങ്ങിയെത്തുന്ന രാജ്യത്തെ ആദ്യ വ്യക്തിയാണ് താനെന്ന് ശ്രീധരൻപിള്ള അവകാശപ്പെട്ടു. അഭിഭാഷകവൃത്തിയോടുള്ള ഇഷ്ടമാണ് വീണ്ടും പ്രൊഫഷനിലേക്ക് തിരിച്ചെത്താൻ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.
നാല് പതിറ്റാണ്ടിലേറെ നിയമരംഗത്ത് പ്രവർത്തനപരിചയമുള്ള മുതിർന്ന അഭിഭാഷകനാണ് പി.എസ്. ശ്രീധരൻപിള്ള. കീഴ്ക്കോടതികൾ മുതൽ സുപ്രീംകോടതി വരെ നിരവധി പ്രമാദമായ കേസുകളിൽ അദ്ദേഹം ഹാജരായിട്ടുണ്ട്. കേരളത്തിൽ മാറിമാറി വന്ന സർക്കാരുകൾ 12 കേസുകളിൽ ശ്രീധരൻപിള്ളയെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായും നിയമിച്ചിട്ടുണ്ട്.
കേന്ദ്ര സർക്കാരിന്റെ കേരള ഹൈക്കോടതിയിലെ സീനിയർ സ്റ്റാൻഡിങ് കൗൺസൽ, അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ, സി.ബി.ഐയുടെ ഹൈക്കോടതിയിലെ സ്റ്റാൻഡിങ് കൗൺസൽ എന്നീ ചുമതലകളും അദ്ദേഹം വഹിച്ചിട്ടുണ്ട്. കാലിക്കറ്റ് ബാർ അസോസിയേഷൻ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.


