ആലപ്പുഴ: ഹോം നഴ്‌സിങ് സ്ഥാപനത്തിന്റെ മറവിൽ നിരവധി പേരെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ യുവതിയെ കായംകുളം പൊലീസ് അറസ്റ്റ് ചെയ്തു. കീരിക്കാട് സ്വദേശിനി അമൃത (22) ആണ് പിടിയിലായത്.
‘കൃഷ്ണ ഹോം നഴ്‌സിങ്’ എന്ന പേരിൽ ലൈസൻസില്ലാതെയാണ് യുവതി സ്ഥാപനം നടത്തിയിരുന്നത്. ഹോം നഴ്‌സായി ജോലി ചെയ്താൽ പ്രതിമാസം 15,000 മുതൽ 30,000 രൂപ വരെ ശമ്പളം നൽകാമെന്ന് വാഗ്ദാനം ചെയ്താണ് സ്ത്രീകളെ വിവിധ വീടുകളിൽ ജോലിക്ക് നിയോഗിച്ചിരുന്നത്.
തുടർന്ന് വീട്ടുകാരിൽനിന്ന് ജോലിക്കാരുടെ ശമ്പളം വാങ്ങിയെടുക്കും. എന്നാൽ ഈ തുക ജോലി ചെയ്ത സ്ത്രീകൾക്ക് നൽകാതെ സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിച്ച് വഞ്ചിക്കുകയായിരുന്നു പ്രതിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.
ഇത്തരത്തിൽ നിരവധി പേർ കബളിപ്പിക്കപ്പെട്ടതായി പരാതി ഉയർന്നതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. കായംകുളം എസ്.ഐ സജിത് മോന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ അമൃതയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.


