കോഴിക്കോട്: റിയൽ എസ്റ്റേറ്റ് വ്യാപാരി മാമി എന്ന മുഹമ്മദ് ആട്ടൂരിന്റെ തിരോധാനക്കേസിൽ നിർണായക വഴിത്തിരിവ്. മാമിയെ തടവിൽ പാർപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് തട്ടിക്കൊണ്ടുപോയതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ഇതോടെ തിരോധാനക്കേസിൽ തട്ടിക്കൊണ്ടുപോകൽ ഉൾപ്പെടെയുള്ള പുതിയ വകുപ്പുകൾ ചേർത്ത് ക്രൈംബ്രാഞ്ച് പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
2023 ഓഗസ്റ്റ് 21-നാണ് കോഴിക്കോട്ടുനിന്ന് മാമിയെ കാണാതായത്. വീട്ടിൽനിന്ന് ഇറങ്ങിയ അദ്ദേഹം വൈകീട്ടോടെ തിരിച്ചെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് മടങ്ങിയെത്തിയില്ല. തുടർന്ന് കുടുംബം പരാതി നൽകുകയായിരുന്നു. കാണാതാകുന്നതിന് തൊട്ടുമുമ്പ് അരയിടത്തുപാലം മുതൽ തലക്കുളത്തൂർ വരെയുള്ള ടവർ ലൊക്കേഷനുകളിൽ മാമിയുടെ ഫോൺ എത്തിയതായി പോലീസ് കണ്ടെത്തിയിരുന്നു. എന്നാൽ അതിനുശേഷം എന്ത് സംഭവിച്ചുവെന്ന കാര്യത്തിൽ അന്വേഷണ സംഘത്തിന് വ്യക്തത ലഭിച്ചിരുന്നില്ല.
ആദ്യം നടക്കാവ് പോലീസാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതടക്കമുള്ള പ്രാഥമിക അന്വേഷണത്തിൽ പോലീസിന് വീഴ്ചകളും പാളിച്ചകളും സംഭവിച്ചതായി വിമർശനമുയർന്നിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് വിശദമായ പരിശോധന നടത്തിയെങ്കിലും കേസിൽ തുമ്പൊന്നും ലഭിച്ചില്ല. പിന്നീട് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചെങ്കിലും കാര്യമായ തെളിവുകൾ കണ്ടെത്താനായില്ല.
തുടർന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. 2026-ൽ പുതിയ സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ അന്വേഷണ സംഘത്തെ വിപുലീകരിക്കുകയും അന്വേഷണം ഊർജിതമാക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനകളിലാണ് മാമിയെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ചിരിക്കുകയാണെന്ന നിർണായക കണ്ടെത്തലിലേക്ക് ക്രൈംബ്രാഞ്ച് എത്തിയത്.
കേസിൽ വലിയ ദുരൂഹതയുണ്ടെന്ന് നേരത്തെ തന്നെ ആരോപണങ്ങളുയർന്നിരുന്നു. കുടുംബം ഉന്നയിച്ച സംശയങ്ങളെ ശരിവെക്കുന്നതാണ് ക്രൈംബ്രാഞ്ചിന്റെ പുതിയ കണ്ടെത്തലുകൾ. കോഴിക്കോട്ടെ പ്രധാന റിയൽ എസ്റ്റേറ്റ് ഇടനിലക്കാരനായ മാമിയെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ റിയൽ എസ്റ്റേറ്റ് സംഘങ്ങൾ തമ്മിലുള്ള തർക്കവും വൈരാഗ്യവുമാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.


