മലപ്പുറം: ചികിത്സാ സഹായം, ജീവകാരുണ്യ പ്രവർത്തനങ്ങൾ, യതീംഖാനകൾ, ട്രസ്റ്റുകൾ തുടങ്ങിയവയുടെ പേരിൽ വീടുകൾ കയറി അനധികൃതമായി പണം പിരിക്കുന്ന സംഘങ്ങൾക്കെതിരെ അന്വേഷണം നടത്താൻ ജില്ലാ പൊലീസ് മേധാവി ഉത്തരവിട്ടു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇത്തരം പണപ്പിരിവുകൾ വ്യാപകമാകുന്നതായുള്ള പരാതിയെ തുടർന്നാണ് നടപടി.
ഗിന്നസ് ജേതാവും പൊതുപ്രവർത്തകനുമായ പടവണ്ണ അബ്ദുൽ സലീം നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. പണം പിരിക്കാൻ വീടുകളിലെത്തുന്ന പലർക്കും തിരിച്ചറിയൽ രേഖകളോ അവർ പ്രതിനിധീകരിക്കുന്ന സംഘടനകളുടെ വ്യക്തമായ വിവരങ്ങളോ ഇല്ലെന്നാണ് പരാതിയിലെ പ്രധാന ആരോപണം.
രോഗികളുടെ ചികിത്സയ്ക്കും മറ്റ് ആവശ്യങ്ങൾക്കുമെന്ന പേരിൽ ശേഖരിക്കുന്ന പണം യഥാർഥത്തിൽ പ്രഖ്യാപിച്ച ആവശ്യങ്ങൾക്കായി തന്നെയാണോ ഉപയോഗിക്കുന്നതെന്നും പരിശോധിക്കണമെന്നാണ് ആവശ്യം. വ്യാജ സംഘടനകളുടെ പേരിൽ പണം ശേഖരിച്ച് പൊതുജനങ്ങളെ വഞ്ചിക്കുന്നതിനുള്ള സാധ്യതയും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത്തരം പണപ്പിരിവുകൾ സാമ്പത്തിക തട്ടിപ്പുകൾക്ക് മാത്രമല്ല, വീടുകൾ കേന്ദ്രീകരിച്ചുള്ള മോഷണം ഉൾപ്പെടെയുള്ള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾക്കും വഴിയൊരുക്കാമെന്നും പരാതിയിൽ പറയുന്നു.
നവംബർ 19നാണ് ജില്ലാ പൊലീസ് മേധാവി അന്വേഷണത്തിന് ഉത്തരവിട്ടത്. മലപ്പുറം, പെരിന്തൽമണ്ണ, തിരൂർ, നിലമ്പൂർ, കൊണ്ടോട്ടി, താനൂർ എന്നീ പൊലീസ് സബ് ഡിവിഷനുകളിലെ ഉദ്യോഗസ്ഥർക്കാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്.
പണപ്പിരിവിന് എത്തുന്നവരുടെ തിരിച്ചറിയൽ രേഖകളും സംഘടനകളുടെ വിശ്വാസ്യതയും പണം ശേഖരിക്കാനുള്ള നിയമപരമായ അനുമതിയും പരിശോധിക്കും. നിയമവിരുദ്ധമായി പണം പിരിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കാനും നിർദേശമുണ്ട്. സംശയാസ്പദമായ രീതിയിൽ പണപ്പിരിവ് നടത്തുന്നവരെ ശ്രദ്ധയിൽപ്പെട്ടാൽ പൊലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് അധികൃതർ ആവശ്യപ്പെട്ടു.


