പത്തനംതിട്ട: ശബരിമലയിൽ വെർച്വൽ ക്യൂ ബുക്കിങ്ങിൽ അന്യസംസ്ഥാന ട്രാവൽ ഏജൻസികളുടെ ഇടപെടൽ വ്യാപകമാകുന്നതായി പൊലീസിന്റെ വിലയിരുത്തൽ. തീർഥാടകരുടെ തിരിച്ചറിയൽ രേഖകൾ ശേഖരിച്ച് ഏജൻസികൾ കൂട്ടത്തോടെ സ്ലോട്ടുകൾ ബുക്ക് ചെയ്യുന്നതായാണ് കണ്ടെത്തൽ. ബുക്ക് ചെയ്യുന്ന വെർച്വൽ ക്യൂ കൂപ്പണുകൾ പ്രിന്റ് എടുത്ത് തീർഥാടകർക്ക് വിൽക്കുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ മാസ് ബുക്കിങ് അവസാനിപ്പിച്ച് ബുക്കിങ് സംവിധാനം പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ദേവസ്വം ബോർഡിന് റിപ്പോർട്ട് നൽകും.
അതിനിടെ, ശബരിമലയിൽ ഭക്തജനത്തിരക്ക് തുടരുകയാണ്. പുലർച്ചെ മൂന്നിന് നട തുറന്നതു മുതൽ ഒൻപതിനായിരത്തിലധികം തീർഥാടകർ ദർശനം നടത്തി. ഇന്ന് മുതൽ 30-ാം തീയതി വരെ അധികമായി 5,000 പേർക്ക് വെർച്വൽ ക്യൂ വഴി ദർശനത്തിന് ബുക്ക് ചെയ്യാം. ഇതിന് ആനുപാതികമായി സ്പോട്ട് ബുക്കിങ് സൗകര്യവും വർധിപ്പിക്കും.
ശബരിമല തീർഥാടനം കൂടുതൽ സുരക്ഷിതവും സുഗമവും സൗകര്യപ്രദവുമാക്കുന്നതിനായി ‘ശരൺ’ (SARAN) മൊബൈൽ ആപ്പും നിലവിൽ വന്നു. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഐടി വിഭാഗമാണ് ആപ്പ് വികസിപ്പിച്ചത്. തദ്ദേശ വകുപ്പ് മന്ത്രി കെ.എം. ഷാജി ആപ്പിന്റെ ഔദ്യോഗിക പ്രകാശനം നിർവഹിച്ചു. ശബരിമലയിലേക്കുള്ള യാത്രാമധ്യേയുള്ള ഇടത്താവളങ്ങൾ, അവിടങ്ങളിൽ ലഭ്യമായ അടിസ്ഥാന സൗകര്യങ്ങൾ, യാത്രാ വിവരങ്ങൾ, പ്രാദേശിക അറിയിപ്പുകൾ എന്നിവ ഒരൊറ്റ വേദിയിലൂടെ തീർഥാടകർക്ക് ലഭ്യമാക്കുകയാണ് ആപ്പിന്റെ ലക്ഷ്യം.


