മലപ്പുറം: ഫെയർനസ് ക്രീം ഉപയോഗിച്ച പതിനേഴുകാരിക്ക് ഗുരുതര വൃക്കരോഗം സ്ഥിരീകരിച്ചു. ക്രീമിൽ അമിതമായി അടങ്ങിയിരുന്ന മെർക്കുറിയാണ് രോഗത്തിന് കാരണമായതെന്നാണ് കണ്ടെത്തൽ. ശരീരത്തിൽനിന്ന് മൂത്രത്തിലൂടെ പ്രോട്ടീൻ നഷ്ടപ്പെടുന്ന മെമ്പ്രനസ് നെഫ്രോപ്പതി എന്ന രോഗമാണ് പെൺകുട്ടിക്ക് ബാധിച്ചത്. വിദഗ്ധ പരിശോധനയിൽ പെൺകുട്ടി ഉപയോഗിച്ചിരുന്ന ക്രീമിൽ മെർക്കുറിയുടെ അമിതസാന്നിധ്യവും കണ്ടെത്തി.
ഒരു വർഷത്തോളമായി ഉപയോഗിച്ചിരുന്ന ഫെയ്സ് ക്രീമാണ് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായതെന്ന് ഡോക്ടർമാർ അറിയിച്ചതായി പെൺകുട്ടി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. മൂത്രത്തിലൂടെ അമിതമായി പ്രോട്ടീൻ നഷ്ടപ്പെടുന്ന അവസ്ഥയായിരുന്നു ആദ്യം. രക്തസമ്മർദം കുറയുക, ക്ഷീണം, തലകറക്കം, ഉറക്കക്കുറവ് തുടങ്ങിയ ലക്ഷണങ്ങളും അനുഭവപ്പെട്ടു. തുടർപരിശോധനയിൽ രക്തത്തിൽ മെർക്കുറിയുടെ സാന്നിധ്യം കണ്ടെത്തി. ഇതിന്റെ ഉറവിടം കണ്ടെത്തുന്നതിനായി ഉപയോഗിച്ചിരുന്ന ക്രീം പരിശോധനയ്ക്ക് അയച്ചപ്പോഴാണ് അമിതമായി മെർക്കുറി അടങ്ങിയിട്ടുണ്ടെന്ന് വ്യക്തമായത്. പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ചുള്ളതാണെന്ന് അവകാശപ്പെട്ട് വിപണിയിലെത്തിച്ച ക്രീമാണ് പെൺകുട്ടി ഉപയോഗിച്ചിരുന്നത്.
ചർമത്തിൽ പുരട്ടുന്ന ക്രീമുകൾ എങ്ങനെയാണ് ആന്തരികാവയവങ്ങളെ ബാധിക്കുന്നത് എന്നതും ആശങ്കയുയർത്തുന്നുണ്ട്. ക്രീമുകളിൽ അടങ്ങിയിരിക്കുന്ന മെർക്കുറി ചർമത്തിലൂടെ ശരീരത്തിൽ ആഗിരണം ചെയ്യപ്പെട്ട് രക്തത്തിലെത്താം. തുടർന്ന് വൃക്കകളിൽ അടിഞ്ഞുകൂടുന്നത് മെമ്പ്രനസ് നെഫ്രോപ്പതി ഉൾപ്പെടെയുള്ള വൃക്കരോഗങ്ങൾക്ക് കാരണമാകാം. കേന്ദ്ര നാഡീവ്യവസ്ഥയെയും മെർക്കുറി ബാധിക്കാം. ക്ഷീണം, ശരീരവിറയൽ, ഓർമക്കുറവ്, ഉറക്കക്കുറവ് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളും ഇതുമൂലം ഉണ്ടാകാം.
മുഖം വെളുപ്പിക്കാനും പ്രായക്കുറവ് തോന്നിക്കാനുമായി ഉപയോഗിക്കുന്ന വിവിധ ത്വക് ലേപനങ്ങൾ വിപണിയിൽ ലഭ്യമാണ്. ഇവയിൽ ചിലത് ശാസ്ത്രീയമായി അംഗീകരിച്ച ചേരുവകൾ ഉൾക്കൊള്ളുന്നവയാണെങ്കിലും മെർക്കുറി പോലുള്ള വിഷപദാർഥങ്ങൾ അടങ്ങിയ വ്യാജ ഉൽപ്പന്നങ്ങളും വിപണിയിലുണ്ട്. ചർമത്തിന്റെ അവസ്ഥയനുസരിച്ച് പുരട്ടുന്ന ക്രീമിലെ മെർക്കുറിയുടെ വലിയൊരു ഭാഗം ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടാം. ചർമത്തിൽ മുറിവുകളോ എണ്ണമയമോ കൂടുതലുണ്ടെങ്കിൽ ആഗിരണം വർധിക്കാനും സാധ്യതയുണ്ട്. രക്തത്തിലൂടെ മറ്റ് അവയവങ്ങളിലേക്കും എത്തുന്ന മെർക്കുറി വൃക്കകളുടെ പ്രവർത്തനത്തെ ഗുരുതരമായി ബാധിക്കാം. ഇത് നെഫ്രോട്ടിക് സിൻഡ്രോമിനും രോഗം മൂർച്ഛിച്ചാൽ വൃക്കസ്തംഭനത്തിനും കാരണമായേക്കാം.
ചർമസംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരമായി ഫെയർനസ് ക്രീമുകളോ മറ്റ് ത്വക് ലേപനങ്ങളോ ഉപയോഗിക്കുന്നതിന് മുമ്പ് വിദഗ്ധ ഡോക്ടറുടെ ഉപദേശം തേടണമെന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്.


