കണ്ണൂർ: വീട്ടിൽ സൂക്ഷിച്ചിരുന്ന 31 പവൻ സ്വർണാഭരണങ്ങൾ കവർന്ന കേസിൽ വീട്ടുജോലിക്കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. വയനാട് വരയാൽ പേരിയ സ്വദേശിനി ഉച്ചപ്പള്ളിയിൽ പ്രേമ (50) ആണ് അറസ്റ്റിലായത്. ഏകദേശം 32 ലക്ഷം രൂപ വിലവരുന്ന സ്വർണാഭരണങ്ങളാണ് മോഷണം പോയത്.
ബെംഗളൂരുവിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന മണിക്കടവ് സ്വദേശി ന്യായപ്പള്ളി നിമ്മിയുടെ ഉളിക്കലിലുള്ള വീട്ടിലാണ് മോഷണം നടന്നത്. നേരത്തെ നിമ്മിയുടെ തോട്ടത്തിൽ ജോലി ചെയ്തിരുന്ന പ്രേമയെ പിന്നീട് വീട്ടുജോലികൾക്കും വീട്ടിലെ പ്രായമായവരെ പരിചരിക്കാനുമായി നിയമിക്കുകയായിരുന്നു.
നിമ്മിയുടെ അമ്മ മരിച്ചതോടെ വീട്ടിലുണ്ടായിരുന്ന മുത്തച്ഛനെയും കുടുംബം ബെംഗളൂരുവിലേക്ക് കൊണ്ടുപോയി. തുടർന്ന് ഉളിക്കലിലെ തറവാട് വീട് വൃത്തിയാക്കാനും പരിസരം നോക്കാനുമുള്ള ചുമതല പ്രേമയ്ക്കായിരുന്നു. ഇടയ്ക്കിടെ വീട്ടിലെത്തി ജോലികൾ ചെയ്തുപോരുന്നതിനിടെയാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളെക്കുറിച്ച് ഇവർക്ക് അറിവ് ലഭിച്ചതെന്നാണ് പൊലീസ് പറയുന്നത്.
കഴിഞ്ഞ ദീപാവലിക്ക് നിമ്മിയും കുടുംബവും വീട്ടിലെത്തിയപ്പോഴാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ട വിവരം അറിയുന്നത്. സ്വർണാഭരണങ്ങൾക്ക് പകരം മുക്കുപണ്ടങ്ങൾ അലമാരയിൽ വെച്ചിരുന്നതും വീട്ടുജോലിക്കാരിയെ സംശയിക്കാൻ കാരണമായി. ഇതേത്തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകി.
ഏപ്രിൽ 5 മുതൽ നവംബർ 6 വരെയുള്ള കാലയളവിലാണ് 31 പവൻ സ്വർണം മോഷണം പോയതെന്നാണ് പരാതി. ഉളിക്കൽ പൊലീസ് നടത്തിയ അന്വേഷണത്തിലും ചോദ്യംചെയ്യലിലുമാണ് പ്രേമയെ അറസ്റ്റ് ചെയ്തത്.
മോഷ്ടിച്ച സ്വർണാഭരണങ്ങൾ കണ്ണൂർ, വയനാട് ജില്ലകളിലെ വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ പണയം വെച്ചതായി ചോദ്യംചെയ്യലിൽ പ്രതി സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ഇതിൽ 20 പവൻ സ്വർണം ഇതിനകം കണ്ടെടുത്തിട്ടുണ്ട്. ബാക്കി സ്വർണം കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്. പണയം വെച്ച സ്വർണം വിറ്റ് ലഭിച്ച പണം എന്ത് ചെയ്തുവെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കൂടുതൽ അന്വേഷണത്തിനായി പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്.


