ഫുട്ബോൾ കരിയറിന്റെ ഏറ്റവും മികച്ച കാലഘട്ടത്തിൽ പോലും കടുത്ത മാനസിക സംഘർഷങ്ങളിലൂടെ കടന്നുപോയിരുന്നുവെന്നും ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചിരുന്നുവെന്നും വെളിപ്പെടുത്തി മുൻ ഇംഗ്ലണ്ട് നായകനും മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസവുമായ വെയ്ൻ റൂണി. ഗാബി ലോഗനൊപ്പമുള്ള ‘ലൈഫ് അറ്റ് ദി മിഡ്പോയിന്റ്’ പോഡ്കാസ്റ്റിലാണ് റൂണിയുടെ തുറന്നുപറച്ചിൽ.
2004 മുതൽ 2017 വരെ മാഞ്ചസ്റ്റർ യുണൈറ്റഡിനായി കളിച്ച റൂണി, ക്ലബ്ബിനൊപ്പം നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. അഞ്ച് പ്രീമിയർ ലീഗ് കിരീടങ്ങൾ, ഒരു എഫ്എ കപ്പ്, ഒരു യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം, നാല് കമ്മ്യൂണിറ്റി ഷീൽഡുകൾ എന്നിവ നേടിയ താരം 253 ഗോളുകളുമായി ക്ലബ്ബിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനാണ്.
എന്നാൽ കളിക്കളത്തിലെ വിജയങ്ങൾക്കപ്പുറം തന്റെ സ്വകാര്യജീവിതം കടുത്ത പ്രതിസന്ധികളിലൂടെയാണ് കടന്നുപോയതെന്ന് റൂണി പറഞ്ഞു. മാനസികമായി തകർന്നിരുന്ന സമയങ്ങളിൽ പൊതുജനങ്ങളിൽ നിന്ന് അകന്നുനിൽക്കുകയും തുടർച്ചയായി രണ്ട് ദിവസം വീട്ടിലിരുന്ന് മദ്യപിക്കുകയും ചെയ്തിരുന്നു. മകൻ തന്നെ അത്തരമൊരു അവസ്ഥയിൽ കാണരുതെന്ന് ആഗ്രഹിച്ചിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി.
‘ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിക്കുന്ന അവസ്ഥയിലേക്ക് ഞാൻ എത്തിയിരുന്നു. ആരുടെയും കൂടെ നിൽക്കാനോ തെരുവിൽ ആളുകളെ കാണാനോ കടകളിൽ പോകാനോ താൽപര്യമുണ്ടായിരുന്നില്ല. ഫുട്ബോൾ മൈതാനത്ത് മാത്രമാണ് എനിക്ക് ആശ്വാസം കണ്ടെത്താൻ കഴിഞ്ഞിരുന്നത്. ജീവിതത്തിലെ മറ്റെല്ലാ കാര്യങ്ങളിലും ഞാൻ ഏറെ ബുദ്ധിമുട്ടി’ – റൂണി പറഞ്ഞു.
തന്റെ മാനസികാവസ്ഥ മറ്റുള്ളവരിൽ നിന്ന് മറച്ചുവെക്കാൻ ശ്രമിച്ചതിനെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞു. മാനസികമായി തളർന്നിരിക്കുകയാണെന്ന് സമ്മതിക്കുന്നത് പുരുഷത്വത്തിന് കുറവായി കാണപ്പെടുമെന്ന ചിന്തയാണ് സഹായം തേടുന്നതിൽ നിന്ന് തന്നെ പിന്തിരിപ്പിച്ചതെന്നും റൂണി വ്യക്തമാക്കി.
ജീവിതത്തിലെ ഏറ്റവും സന്തോഷകരമായിരിക്കേണ്ട സമയത്താണ് താൻ കടുത്ത മാനസിക പ്രതിസന്ധിയിലൂടെ കടന്നുപോയതെന്നും അദ്ദേഹം പറഞ്ഞു. വിവാഹവും മകന്റെ ജനനവും കരിയറിലെ മികച്ച നേട്ടങ്ങളുമെല്ലാം ഒരുമിച്ച് വന്ന കാലമായിരുന്നെങ്കിലും വ്യക്തിജീവിതത്തിൽ സന്തോഷം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
എന്താണ് തനിക്ക് സംഭവിക്കുന്നതെന്ന് മനസ്സിലാക്കുന്നതിനായി തെറാപ്പിസ്റ്റിന്റെ സഹായം തേടിയിരുന്നുവെന്നും റൂണി വെളിപ്പെടുത്തി. തന്റെ അനുഭവങ്ങൾ പങ്കുവെച്ചതിലൂടെ മാനസികാരോഗ്യ പ്രശ്നങ്ങൾ തുറന്നുപറയുന്നതിനും ആവശ്യമായ സഹായം തേടുന്നതിനുമുള്ള പ്രാധാന്യമാണ് ഫുട്ബോൾ ഇതിഹാസം ചൂണ്ടിക്കാട്ടുന്നത്.


