ന്യൂഡൽഹി: പക്ഷിപ്പനിക്കെതിരെ വികസിപ്പിച്ച ഇന്ത്യയുടെ ആദ്യ തദ്ദേശീയ വാക്സിൻ കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാൻ പുറത്തിറക്കി. പക്ഷിപ്പനിയുടെ പ്രത്യേക വകഭേദമായ H5N1നെതിരായ ലോകത്തിലെ ആദ്യ വാക്സിനാണിതെന്ന് മന്ത്രി അവകാശപ്പെട്ടു. സാധാരണ കർഷകർക്കും താങ്ങാനാകുന്ന വിലയിലാണ് വാക്സിൻ ലഭ്യമാക്കുക. ഒരു ഡോസിന് ഒന്നുമുതൽ രണ്ടുരൂപ വരെയായിരിക്കും വിലയെന്നും മന്ത്രി അറിയിച്ചു.
കർഷകർക്ക് സ്ഥിരമായി വരുമാനം നൽകുന്ന ചലിക്കുന്ന എ.ടി.എമ്മുകളാണ് മൃഗങ്ങളെന്ന് മന്ത്രി പറഞ്ഞു. തുടർച്ചയായി ഉണ്ടാകുന്ന പക്ഷിപ്പനി വ്യാപനം കർഷകർക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതിനൊപ്പം മൃഗങ്ങളിലേക്കും മനുഷ്യരിലേക്കും രോഗം പടരാനുള്ള സാധ്യതയും വർധിപ്പിക്കുന്നുണ്ട്.
2006ൽ മഹാരാഷ്ട്രയിലെ നവാപൂരിലാണ് ഇന്ത്യയിൽ ആദ്യമായി പക്ഷിപ്പനി സ്ഥിരീകരിച്ചത്. അതിനുശേഷം രാജ്യത്ത് 500ലധികം പക്ഷിപ്പനി ബാധകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2021ലെ രോഗബാധയിൽ ഏകദേശം ഒൻപത് ലക്ഷം കോഴികളും ഈ വർഷം രണ്ട് ലക്ഷം കോഴികളും ചത്തതായി മന്ത്രി വ്യക്തമാക്കി.
മൃഗങ്ങളിലെ രോഗങ്ങൾ നിയന്ത്രിക്കുന്നതിനായി കേന്ദ്രസർക്കാർ വിവിധ വാക്സിനേഷൻ പദ്ധതികൾ നടപ്പാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. H5N1 വാക്സിൻ വികസിപ്പിക്കുന്നതിൽ പങ്കാളികളായ ശാസ്ത്രജ്ഞരെയും മന്ത്രി അഭിനന്ദിച്ചു. വാരാന്ത്യ അവധികൾ പോലും ഒഴിവാക്കി മാസങ്ങളോളം കഠിനാധ്വാനം ചെയ്താണ് ശാസ്ത്രജ്ഞർ വാക്സിൻ വികസിപ്പിച്ചത്. കർശനമായ ലബോറട്ടറി സുരക്ഷാ മാനദണ്ഡങ്ങളും അവർ പാലിച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.


